വയനാട്ടിൽ അപകട മേഖലയായി വാര്യാട്
പ്രദീപ് മാനന്തവാടി | Monday 16 December, 2024 | 2:52 AM
കൽപ്പറ്റ: വയനാട് ജില്ലയിൽ കോഴിക്കോട് -കൊല്ലഗൽ 766 ദേശീയപാതയിലെ വാര്യാട് മേഖലയിലാണ് ഏറ്റവുമധികം റോഡപകടങ്ങൾ ഉണ്ടാകുന്നത്. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞു. റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും വാഹനങ്ങളുടെ അമിത വേഗതയുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം.
മുട്ടിലിനും കാക്കവയലിനും ഇടയിലാണ് അപകടങ്ങൾ ഏറെയുമുണ്ടാകുന്നത്. ഇതിനെതിരെ നാട്ടുകാർ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ ഭാഗത്ത് ഭൂരിഭാഗം അപകടങ്ങളും നടന്നത് പുലർച്ചെയാണ്. അമിത വേഗതയിൽ റോഡിൽ നിന്ന് വാഹനങ്ങൾ തെന്നിമാറി മരങ്ങളിൽ ഇടിച്ചും എതിർദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചുമാണ് കൂടുതലും അപകടങ്ങൾ. തുടരെത്തുടരെ അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ടി.സിദ്ദിഖ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൽപ്പറ്റയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. സ്ഥലത്ത് സ്പീഡ് ബ്രേക്കർ, തെരുവു വിളക്കുകൾ, റോഡിൽ ഹോട്ട് അപ്ലൈഡ് തെർമോ പ്ലാസ്റ്റിക് കോമ്പൗണ്ട്, റിഫ്ളക്ടീവ് റോഡ് സ്റ്റഡുകൾ എന്നിവ സ്ഥാപിക്കാൻ തീരുമാനമെടുത്തു.
അതേസമയം, വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കാൻ ഇത്തരം നടപടികൾ മാത്രം പോരെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ഘടനയിൽ കാര്യമായ മാറ്റം വരുത്തണമെന്നും വീതി കൂട്ടി വൺവേ ആക്കണമെന്നും ആവശ്യപ്പെടുന്നു. കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് അമിത വേഗതയിൽ പോകുന്ന വാഹനങ്ങളെ പിടികൂടണമെന്നും പൊലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന കാര്യക്ഷമമാക്കണമെന്നും ആവശ്യമുയരുന്നു.
Source link