വർഗീയ, തീവ്രവാദ നിലപാടിനോട് വിട്ടുവീഴ്ച വേണ്ട : മുഖ്യമന്ത്രി
തൃശൂർ: വർഗീയ, തീവ്രവാദ നിലപാടുകൾക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നും വർഗീയ സംഘർഷങ്ങളിൽ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 14 വനിതകളടക്കം 141പേരാണ് സേനയുടെ ഭാഗമായത്.
മതനിരപേക്ഷതയ്ക്ക് പോറൽ ഏൽക്കരുത്. ക്രമസമാധാനം തകർക്കുന്നവർക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കണം. ജനങ്ങളാണ് യജമാനന്മാർ. ആ മനോഭാവത്തോടെ സേവിക്കണം. നാടിന്റെ നന്മയെക്കരുതിയുള്ള നിലപാട് സ്വീകരിക്കണം. വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം നിലനിൽക്കുന്നത് പൊലീസിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം കൊണ്ടാണ്. ക്രമസമാധാനം തകർക്കാൻ ചിലർ ബോധപൂർവ്വമായ ശ്രമം നടത്തിയിരുന്നു. അതിനെതിരെ കർശന സമീപനം സ്വീകരിച്ചു. അതുകൊണ്ട് അവർക്ക് ലക്ഷ്യം പൂർത്തിയാക്കാനായില്ല. പഴയതിൽ നിന്ന് വ്യത്യസ്തമായ മുഖം പൊലീസിനുണ്ട്.
വലിയ വിഷമതകളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ ആശ്രയിക്കാവുന്ന സേനയായി മാറി. എന്നാൽ,സമൂഹത്തിലെ തെറ്റുകൾ സേനയിലും പ്രതിഫലിക്കുന്നുണ്ട്. അത്തരക്കാരോട് കർശന നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, കൗൺസിലർ രാജശ്രീ ഗോപൻ, ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ് എന്നിവർ സന്നിഹിതരായിരുന്നു.
Source link