രക്ഷാപ്രവർത്തനം; കേന്ദ്ര സേനയ്ക്ക് പണം നൽകേണ്ട, വിഹിതത്തിൽ ക്രമീകരിക്കാം , കേന്ദ്രത്തിന് കത്ത് നൽകും
തിരുവനന്തപുരം: ദുരന്തകാലത്തെ രക്ഷാദൗത്യങ്ങൾക്ക് വ്യോമസേനയ്ക്ക് 132.62കോടി ചെലവുണ്ടായെന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചത് നടപടിക്രമം മാത്രം. ഇത്തരം ബില്ലുകൾക്ക് സംസ്ഥാനം പണം നൽകേണ്ടതില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പണമിടപാടിൽ ക്രമീകരിക്കുകയാണ് പതിവ്. പക്ഷേ, കേന്ദ്ര വിഹിതത്തിൽ കുറവ് വരും.
രക്ഷാദൗത്യങ്ങൾക്കുള്ള ചെലവ് ഒറ്റത്തവണ ഗ്രാന്റായി മാറ്റാനും കേന്ദ്രത്തിന് അധികാരമുണ്ട്. എഴുതിത്തള്ളാനും സാധിക്കും. കേരളത്തിനുവേണ്ടി ഇതിൽ ഏതുമാർഗ്ഗം കേന്ദ്രം സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്പരം പോരടിക്കുന്നതിനിടെയാണ് ഈ വിഷയവും കടന്നുവന്നത്.
രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മറുപടിക്കത്തു നൽകാനാണ് സംസ്ഥാന നീക്കം. രക്ഷാദൗത്യത്തിന്റെ പണം തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിലപാട് കടുത്ത വിവേചനമാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പുനരധിവാസമടക്കമുള്ള കാര്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാതെയാണ് ചെയ്ത സഹായത്തിന് പണം ചോദിക്കുന്നതെന്ന് കുറ്റപ്പെടുത്തി. കേന്ദ്ര ദുരന്തനിവാരണ നിധിയിലായിരുന്നു ഈ തുക വകയിരുത്തേണ്ടിയിരുന്നത്. വയനാട് വിഷയവുമായി ബന്ധപ്പെട്ട കേസിൽ ഇക്കാര്യവും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. സർക്കാർ തലത്തിൽ ആലോചിച്ച് മാത്രമെ പണം അടയ്ക്കുന്നതിൽ തീരുമാനമെടുക്കാൻ കഴിയൂവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു.
എസ്.ഡി.ആർ.എഫിൽ നിന്ന് പണമടയ്ക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ദുരന്തബാധിതരെ പാർപ്പിച്ചിട്ടുള്ള സ്ഥലങ്ങളുടെ വാടക, ഇവിടെ താമസിക്കുന്ന കുടുംബങ്ങളിലെ മുതിർന്ന രണ്ടു പേർക്ക് വീതം നൽകുന്ന 300 രൂപയുടെ ധനസഹായം എന്നിവയ്ക്കും സംസ്ഥാനമാണ് ഫണ്ട് കണ്ടെത്തേണ്ടത്.
കരസേന പണം
വാങ്ങാറില്ല
1 വ്യോമസേനയുടെ ചെലവു മാത്രമാണ് ഇപ്പോൾ അറിയിച്ചത്. കരസേന ചെലവായ തുക അറിയിക്കാറില്ല. അവരുടെ ചെലവിൽ ഉൾപ്പെടുത്തുകയാണ് പതിവ്. സൈനികേതര ആവശ്യങ്ങൾക്ക് ചെലവുവരുന്ന ഓരോ രൂപയും കൃത്യമായി രേഖപ്പെടുത്തും. ഇതുപ്രകാരമുള്ള കണക്കുകളാണ് കേരളത്തെ അറിയിച്ചതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആക്ഷേപമുണ്ടെങ്കിൽ 30 ദിവസത്തിനകം പ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം
2. വ്യോമസേനാ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളറാണ് എയർലിഫ്‌റ്റിംഗിന്റെ ചെലവുകൾ കണക്കാക്കിയത്. ചെലവുകൾ കണക്കാക്കുന്ന ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർക്ക് മുകളിൽ പ്രിൻസിപ്പൽ കൺട്രോളറും കൺട്രോളർ ജനറൽ ഒഫ് ഡിഫൻസ് അക്കൗണ്ട്സും പാർലമെന്ററി സമിതിയുമുണ്ട്. ഇവരുടെയെല്ലാം പരിശോധനയ്ക്ക് കണക്കുകൾ നൽകണം. പുറമേ ആഭ്യന്തര ഓഡിറ്റുമുണ്ട്. ദുരന്തമേഖലകളിലേക്കുള്ള നേതാക്കളുടെ യാത്രകളും സേനയുടെ ചെലവിനത്തിൽ ഉൾപ്പെടും.
വിളിച്ചാൽ പറന്നെത്തും
രക്ഷാദൗത്യത്തിനും വി.ഐ.പി യാത്രയ്ക്കും ആകാശനിരീക്ഷണത്തിനും സേനാകോപ്ടറുകൾ ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ നൽകാറുണ്ട്. വ്യോമസേന തിരുവനന്തപുരത്തു നിന്നും നാവികസേന കൊച്ചിയിൽ നിന്നുമാണ് കോപ്ടറുകൾ വിട്ടുനൽകുക. ഒരുലക്ഷം വരെ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന പണമിടപാടിൽ കുറവുവരുത്തുകയാണ് പതിവ്. സ്വകാര്യ ഹെലികോപ്ടറിന് 18 ശതമാനം ജി.എസ്.ടിയുണ്ട്. സേനാകോപ്ടറുകൾക്ക് നികുതി നൽകേണ്ട
കണക്ക് നൽകുന്നത് സാധാരണ നടപടിക്രമമാണ്. എല്ലാകാലത്തും ഇങ്ങനെയുണ്ടാവാറുണ്ട്
-പ്രതിരോധ വക്താവ്
Source link