KERALAM

പഠിച്ചും സമ്പാദിച്ചും ഇവർ അടിപൊളി

കോട്ടയം: പഠിച്ചും ജോലിചെയ്‌തും ജീവിതം ആഘോഷിക്കുകയാണ് ഈ വിദ്യാർത്ഥിക്കൂട്ടം. കോളേജ് യൂണിഫോം മാറിയാൽ ഇവർ ട്യൂഷൻ ടീച്ചർ, ഡ്രൈവർ, സപ്ളയർ, ഫോട്ടോഗ്രാഫർ, ഡെലിവറി സ്റ്റാഫ്, സൂപ്പർമാർക്കറ്റ് ജീവനക്കാരൻ, ഇൻഷ്വറൻസ് കമ്പനി ഏജന്റ് തുടങ്ങി വിവിധ കുപ്പായങ്ങളണിയും. സ്വദേശത്തും ‘പാർട്ട് ടൈം ജോബ്’ ആകാമെന്ന് കാട്ടിത്തരുന്നത് ജോയലും, ആൽബർട്ടും, അനഘയും, മിഖെലും, അശ്വിനുമുൾപ്പെടെയുള്ള പാലാ ചേർപ്പുങ്കൽ ബി.വി.എം കോളേജിലെ 25 ലേറെ വിദ്യാർത്ഥി സംഘം.

ബി.സി.എ, എം.സി.എ, ബി.കോം, എം.കോം, വിഷ്വൽ കമ്മ്യൂണിക്കേഷൻ, എം.എസ്.ഡബ്ലിയു എന്നിങ്ങനെ ഏറെയും പ്രൊഫഷണൽ കോഴ്സ് ചെയ്യുന്നവർ. ജോലിയിലൂടെ കോളേജ് ഫീസിനും ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള ചെലവ് കണ്ടെത്തും. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ അന്തസോടെ പഠിക്കും.

പ്രിൻസിപ്പൽ ഫാ. ബേബി സെബാസ്റ്റ്യനാണ് അഞ്ചുമാസം മുമ്പ് ആശയമവതരിപ്പിച്ചത്. തുടർന്ന് പ്രിൻസിപ്പലച്ചൻ യൂത്ത് ബാങ്കുണ്ടാക്കി. കോ-ഓർഡിനേറ്റ് ചെയ്യാൻ കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ ജോബി മാത്യുവിനെ ചുമതലപ്പെടുത്തി. സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പിലുമെല്ലാം ജോലി ചെയ്യാൻ സന്നദ്ധരായ കുട്ടികളെ പറ്റി അറിയിച്ചു. അച്ചന്റെ ഉറപ്പിൽ നല്ല കുട്ടികളെ കിട്ടിയപ്പോൾ ഉടമകളും ഹാപ്പി. ഉച്ചയ്‌ക്ക് ശേഷമാണ് മിക്ക കടകളിലും തിരക്ക്. വിദ്യാർത്ഥികളെത്തിയതോടെ മുഴുവൻ സമയ ജോലിക്കാരെ വയ്ക്കേണ്ടെന്നത് ഉടമകൾക്കും ഗുണമായി.

 കോളേജ് സമയം ക്രമീകരിച്ചു

ജോലിക്കുള്ള സൗകര്യത്തിനായി രാവിലെ ഒമ്പത് മുതൽ ഒന്നേകാൽ വരെ ക്ളാസ് സമയം ക്രമീകരിച്ചു. മാസം 15,000 രൂപ വരെ സമ്പാദിക്കുന്നവരുമുണ്ട്. ചിലർ ബൈക്കും ഫോണും വാങ്ങിയും ഫീസടച്ചും സ്വന്തംകാലിൽ നിൽക്കുന്നു. ചെറു സമ്പാദ്യങ്ങളുള്ളവരുമുണ്ട്.

‘വിദ്യാർത്ഥികളിൽ അഭിമാനബോധം വളർത്തുകയായിരുന്നു ആദ്യം. വീട്ടിൽ സാമ്പത്തികമുള്ളവരും ഇല്ലാത്തവരുമൊക്കെ ജോലി ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങൾ സന്തോഷത്തിലാണ്”.

– ഫാ. ബേബി സെബാസ്റ്റ്യൻ


Source link

Related Articles

Back to top button