സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു, പത്തനംതിട്ട ജില്ലയിൽ ക്വാറികൾക്കും വിലക്ക്
പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ ഭരണകൂടം. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. ക്വാറികളുടെ പ്രവർത്തനം വിലക്കി. നദികളിൽ കുളിക്കാൻ ഇറങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ശബരിമല തീർത്ഥാടകർക്ക് പമ്പ സ്നാനത്തിന് വിലക്കില്ല. മഴ കൂടിയാൽ മാത്രം നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പത്തനംതിട്ട ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മദ്ധ്യ, തെക്കൻ കേരളത്തിൽ തീവ്ര ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചുട്ടുണ്ട്.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാജൻ നേരത്തേ പറഞ്ഞിരുന്നു. എല്ലാ ജില്ലകൾക്കും നിർദേശം നൽകി. മലയോര മേഖലകളിൽ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കിയിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള കാനനപാതകളിൽ പ്രത്യേക നിരീക്ഷണം നടത്താൻ വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Source link