ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച; യുട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടി, ട്യൂഷൻ അദ്ധ്യാപകരുടെ വിവരം ശേഖരിക്കും
തിരുവനന്തപുരം: എസ്എസ്എൽസി പ്ളസ് വൺ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യുട്യൂബിൽ വന്ന സംഭവത്തിൽ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം അതീവ ഗൗരവമായി കാണുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
‘ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോർച്ചയുണ്ടാകില്ല. ചില വിഷയങ്ങളാണ് കൂടുതലും പുറത്തുപോകുന്നത്. മുൻകാല അനുഭവങ്ങൾ കൂടി പരിഗണിച്ച് വിഷയം പരിശോധിക്കും. സംസ്ഥാന സർക്കാരിൽ നിന്ന് നല്ല ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കുന്നവർ പ്രതിബദ്ധതയോടുകൂടിയും ഉത്തരവാദിത്തത്തോടുകൂടിയും മാതൃകാപരമായും പ്രവർത്തിക്കേണ്ടവരാണ്. എന്നാൽ സ്വകാര്യ കച്ചവട കമ്പനികളുമായി ബന്ധപ്പെട്ടുകൊണ്ട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാൽ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ല. പല നിലയിലെ അന്വേഷണമാണ് ആലോചിക്കുന്നത്.
പൊതുവിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയാണ് നടക്കുന്നത്. ചോദ്യപേപ്പർ ചോർത്തുന്ന യുട്യൂബുകാർക്കും ട്യൂഷൻ സെന്ററുകൾക്കും താത്കാലിക ലാഭം ലഭിക്കും. ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കും. നേരാംവണ്ണം പോകുന്നസംവിധാനത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ട്യൂഷനെടുക്കുന്ന അദ്ധ്യാപകരുടെ വിവരം ശേഖരിക്കും’- മന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർന്നതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്ളസ് വൺ കണക്കിന്റെയും എസ്എസ്എൽസി ഇംഗ്ളീഷിന്റെയും ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്.
Source link