മൂന്ന് വർഷം ഭരിക്കാം: കേരളത്തിൽ ഇനി വരുന്ന സർക്കാരിന് ആയുസ് കുറയും: നേട്ടം ഖജനാവിനും രാഷ്ട്രീയപ്പാർട്ടികൾക്കും
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ നിയമമാവുകയും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2029ൽ നടപ്പാക്കുകയും ചെയ്താൽ കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലെയും അപ്പോഴത്തെ സർക്കാരുകൾക്ക് ആയുസ് കുറയും. 2029 മുതൽ നിയമം നടപ്പിൽ വരുത്തണമെന്നാണ് രാംനാഥ് കോവിന്ദ് സമിതി ശുപാർശ ചെയ്‌തത്. അങ്ങനെ വന്നാൽ പല സംസ്ഥാനങ്ങളിലും സർക്കാരുകൾ അൽപായുസാകും.
ഇപ്പോഴത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അസംബ്ളിയിലേക്കും തിരഞ്ഞെടുപ്പ് നടന്നത് ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ്. ഈ സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയും. 2029ൽ കാലാവധി തീരുന്ന ഹരിയാന, മഹാരാഷ്‌ട്ര, ജമ്മുകാശ്‌മീർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും 2030ൽ കാലാവധി പൂർത്തിയാക്കുന്ന ഡൽഹിയിലും ഏതാണ്ട് ആറുമാസം നേരത്തെ പുതിയ സർക്കാർ വരും.
കേരളത്തിൽ മൂന്നു വർഷം ഭരിക്കാം
(വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും ഭരണകാലവും)
2025: ബിഹാർ -ഭരണകാലം – 4 വർഷം, ഭരണനഷ്ടം – 1 വർഷം
2026: കേരളം, തമിഴ്നാട്, പശ്‌ചിമ ബംഗാൾ, പുതുച്ചേരി – ഭരണകാലം – 3 വർഷം, ഭരണനഷ്ടം – 2 വർഷം
2027: ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് – ഭരണകാലം – 2 വർഷം , ഭരണനഷ്ടം – 3 വർഷം
2028: കർണാടക, തെലങ്കാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മേഘാലയ, മിസോറാം, നാഗലാൻഡ്, ത്രിപുര – ഭരണകാലം- 1 വർഷം , ഭരണനഷ്ടം – 4 വർഷം
രണ്ട് മാർഗം
സർക്കാരിന്റെ കാലാവധി ഒരുവർഷത്തേക്ക്നീട്ടുക
ഒരു വർഷത്തേക്ക് രാഷ്ട്രപതി ഭരണം
നേരത്തേ തിരഞ്ഞെടുപ്പ് നേരിടേണ്ടിവന്നാൽ
തൂക്കുസഭ കാരണമോ,അവിശ്വാസം കാരണമോ സർക്കാർ രാജി വയ്ക്കേണ്ടിവരുകയും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുകയുംചെയ്താൽ, പുതുതായി വരുന്ന സർക്കാരിന്റെ കാലാവധി പൊതുതിരഞ്ഞെടുപ്പ് സമയംവരെ മാത്രം.
നേട്ടമുണ്ട്; ഖജനാവിനും രാഷ്ട്രീയപ്പാർട്ടികൾക്കും
1. തിരഞ്ഞെടുപ്പ് ഒരുമിച്ചായാൽ, നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാരിനും പ്രചരണവുമായി ബന്ധപ്പെട്ട ചെലവുകൾ രാഷ്ട്രീയ പാർട്ടികൾക്കും കുറയും.
2.ഇലക്ഷൻ നിരീക്ഷകരും പോളിംഗ് ഉദ്യോഗസ്ഥരും പൊലീസും അടക്കമുള്ള മനുഷ്യവിഭവശേഷി ഒന്നിച്ച് പ്രയോജനപ്പെടുത്തുന്നതിലൂടെ സമയലാഭമുണ്ടാവും, അദ്ധ്വാനഭാരം കുറയും.
3. വോട്ടർമാർ പലവട്ടം പോളിംഗ് ബൂത്തിൽ പോകുന്നത് ഒഴിവാക്കാം. അതിഥി തൊഴിലാളികൾക്കും ദൂരെദേശത്തുള്ളവർക്കും അഞ്ച് വർഷത്തിലൊരിക്കൽ ഇതിനായി നാട്ടിൽപോയാൽ മതി. മനുഷ്യവിഭവശേഷിനഷ്ടം രാജ്യവ്യാപകമായി കുറയും.
തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ സമയം ചോദിച്ചേക്കും
ഒറ്റ രാജ്യം ഒറ്റത്തിരഞ്ഞെടുപ്പിന് പാർട്ടികൾക്കിടയിൽ സമവായമായാലും തയ്യാറെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ സമയം ചോദിച്ചേക്കും. 2029ൽ ഒറ്റരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാണ് രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാർശയെങ്കിലും പ്രായോഗികമല്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ സമവായമുണ്ടാകുന്നതും പാർലമെന്റിൽ ബിൽ പാസാക്കുന്നതും ഒരു തുടക്കം മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്.
അതിനുശേഷമാണ് യഥാർത്ഥ ജോലികൾ ആരംഭിക്കുക. 2025 അവസാനമോ 2026 ആദ്യമോ ബിൽ പാസായാലും ഒരുക്കങ്ങൾക്ക് സമയം തികയില്ല. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിന് ഇപ്പോഴുള്ളതിന്റെ ഇരട്ടി വോട്ടിംഗ് യന്ത്രങ്ങൾ സജ്ജമാക്കണം. യന്ത്രം നിർമ്മിക്കുന്ന കമ്പനികൾക്ക് ഇത്രയും വലിയ അളവിൽ ഉത്പാദിപ്പിക്കാൻ കഴിയില്ല. മൂന്നു വർഷം വരെ സമയമെടുക്കും. അതിനാൽ 2029ൽ പരിഷ്കാരം നടപ്പാക്കൽ പ്രായോഗികമല്ല.
Source link