CINEMA

മിസിസ് അല്ലു എന്റെ ബന്ധുവാണ്, താരമായാലും നിയമത്തിനു മുകളിലല്ല: തെലങ്കാന മുഖ്യമന്ത്രിയുടെ മറുപടി


നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഒരു നടനും നിയമത്തിനു മുകളിലല്ലെന്നും ഇന്ത്യയിലെ ഭരണഘടനയും നിയമവും എല്ലാവർക്കും തുല്യപരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുഷ്പ 2-വിന്റെ വിജയാഘോഷത്തിനിടെ തനിക്ക് നന്ദി പറയാത്തതാണ് അല്ലു അര്‍ജുന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന പ്രതിപക്ഷ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. അല്ലു സ്കൂളിൽ പഠിക്കുന്ന കാലം മുതൽ അറിയാവുന്ന കുട്ടിയാണെന്നും അദ്ദേഹത്തിന്റെ ഭാര്യാപിതാവ് തന്റെ പാർട്ടിക്കാരനും ബന്ധുവും കൂടിയാണെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. ദേശീയ മാധ്യമമായ ആജ് തകിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 
‘‘ഈ രാജ്യത്ത് സൽമാൻ ഖാനും സഞ്ജയ് ദത്തും എന്തുകൊണ്ട് അറസ്റ്റിലായെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവിടെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രിക്കു വരെ ഒരു ഭരണഘടനയാണുള്ളത്. അംബേദ്കർ ജിയുടെ ഭരണഘടന പ്രകാരം എല്ലാവർക്കും ഒരേ നിയമസംവിധാനമാണ് ഇവിടെ നിലനിൽക്കുന്നത്. 

“No One is Above Law”CM Revanth Reddy reacts on Allu Arjun’s arrest🔸అల్లు అర్జున్ కుటుంబం నాకు చిన్నప్పటి నుంచి తెలుసు.🔸ఈ దేశంలో సల్మాన్ ఖాన్ , సంజయ్ దత్త్ అరెస్ట్ అవ్వలేదా.. 🔸భారత్ దేశంలో రాజ్యాంగం అందరికీ ఒక్కటే.🔸300 టికెట్ ధర 1300 చేసేలా బెనిఫిట్ షో పర్మిషన్ మేమే… pic.twitter.com/7MgyT4gj2O— Congress for Telangana (@Congress4TS) December 13, 2024

പുഷ്പ 2-വിന്റെ ബെനിഫെറ്റ് ഷോയ്ക്ക് ഞങ്ങളാണ് അനുമതി നൽകിയത്. വൻജനാവലിയാണ് സിനിമ കാണാൻ എത്തിയത്. അവിടേക്കാണ് ഒരു മുന്നറിയിപ്പോ നിയന്ത്രണസംവിധാനമോ ഇല്ലാതെ അല്ലു അർജുൻ എത്തുന്നത്. ഈ തിക്കിലും തിരക്കിലും പെട്ടാണ് ഒരു യുവതിയ്ക്ക് ജീവന്‍ നഷ്ടമായത്. അവരുടെ ഒമ്പത് വയസുകാരനായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു. ആ കുട്ടിയും ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്.

ആ സംഭവം നടന്ന ഉടനെ തന്നെ തിയറ്റർ ഉടമകളെയും മാനേജ്െമന്റിനെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പത്ത് ദിവസം കഴിഞ്ഞാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നത്. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. ഇവിടെ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു. ദാരുണമായ സംഭവം നടന്നതിനുശേഷം കേസെടുത്തില്ലെങ്കിൽ നിങ്ങൾ എന്താകും പറയുക, സിനിമാ നടനായി വേെറ നിയമമുണ്ടോ? സാധാരണക്കാരനായിരുന്നെങ്കിൽ ആദ്യം തന്നെ പിടിച്ച് ജയിലിൽ ഇട്ടേനെ എന്നിങ്ങനെയുള്ള ചർച്ചകളുണ്ടാകും.ഒരു ക്രൈം നടന്നു. അതിന് ഉത്തരവാദി ആരെന്നു മാത്രമാണ് സർക്കാർ നോക്കുന്നത്. അയാൾ സിനിമാ നടനാണെന്നോ രാഷ്ട്രീയക്കാരനാണെന്നോ നോക്കാറില്ല. 

അല്ലു അര്‍ജുന്‍ തിയറ്ററിലെത്തി സിനിമ കണ്ടശേഷം മടങ്ങിയിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ തിയറ്ററിലെത്തിയ താരം തന്റെ കാറിന് മുകളില്‍ നിന്ന് ആരാധകരെ നോക്കി കൈവീശുകയായിരുന്നു. അവിടെ ഒരു കോലാഹലം സൃഷ്ടിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ കേസില്‍ പതിനൊന്നാം പ്രതിയാക്കിയത്. ആരാണ് ഇതിന് ഉത്തരവാദി. ഇതിൽ സർക്കാരിനും പൊലീസിനും ഉത്തരവാദിത്തമില്ലേ?
ഇതൊരു സിനിമ മാത്രമാണ്. അവർക്കു വേണമെങ്കില്‍ സ്റ്റുഡിയോയിൽ തന്നെ സ്പെഷൽ ഷോ നടത്താമായിരുന്നു. ഹോം തിയറ്ററുകൾ ഒക്കെ എല്ലായിടത്തും ഉണ്ട്. വീട്ടിലിരുന്ന് തന്നെ കാണാമായിരുന്നല്ലോ. പൊതുസ്ഥലത്ത് പോകുമ്പോള്‍ തീർച്ചയായും പൊലീസിനെ അറിയിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ പൂർണ സുരക്ഷയോടെ തന്നെ ഇതെല്ലാം നടന്നേനെ. ഇപ്പോള്‍ ഞാന്‍ തന്നെ ആരോടും പറയാതെ അപ്രതീക്ഷിതമായി ഇവിടെ എത്തി എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ എനിക്കെതിരെയും പൊലീസ് കേസെടുക്കും.

അല്ലുവിനോട് ഒരു വ്യക്തി വൈരാഗ്യവുമില്ല. എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നവരാണ്. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് അല്ലുവിന് എന്നെയും അറിയാം. അല്ലുവിന്റെ ഭാര്യാപിതാവായ ചന്ദ്രശേഖര്‍ റെഡ്ഡി ഒരു കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹം എന്റെ ബന്ധു കൂടിയാണ്. അല്ലുവിന്റെ അമ്മാവനായ ചിരഞ്ജീവിയും ഒരു കോണ്‍ഗ്രസ് നേതാവാണ്. മിസിസ് അല്ലു അർജുൻ എന്റെ ബന്ധുവാണ്. ബന്ധങ്ങളൊന്നും ഇവിടെ പ്രസ്കതമല്ല, പൊലീസ് അവരുെട ജോലി ചെയ്തു.
പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. നാട്ടിൽ നിയമ പ്രശ്നമുണ്ടായാൽ തീർച്ചയായും ഞാനറിയില്ലേ. ആളുകൾക്ക് പ്രതിഷേധം നടത്താൻ അവകാശമുണ്ട്. എന്നാൽ അനുമതിയില്ലാതെ പ്രതിഷേധം നടത്തുന്നവരെ നിശ്ചയമായും ജയിലിൽ അടയ്ക്കും. ഒരാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയതിനാണ് ഇത്രയുമധികം ചർച്ച നടക്കുന്നത്.ഇവിടെ ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെട്ടുവെന്നത് മറക്കരുത്. അവർക്കും ഒരു കുടുംബമുണ്ട്. അവരും ഈ നടന്റെ ആരാധകയായിരുന്നു. സ്ത്രീയുടെ കുട്ടി ഇപ്പോഴും കോമയിലാണ്. ജീവൻ തിരിച്ചു കിട്ടിയാൽ തന്നെ അവന്റെ ജീവിതം എങ്ങനെ മുന്നോട്ടുപോകും. അതിനെപ്പറ്റിയൊന്നും നിങ്ങൾ ചോദിക്കുന്നില്ല.

മറ്റേ ആൾ ഒരു സിനിമാ നടനാണ്. ഇതൊരു ബിസിനസ്സ് ആണ്. പണം നിക്ഷേപിച്ച് പണം സമ്പാദിക്കുന്നു. പണമുണ്ടാക്കാനാണ് സിനിമാതാരങ്ങൾ ശ്രമിക്കുന്നത്. പാവപ്പെട്ടവർക്ക് അതുകൊണ്ടൊന്നും ചെയ്യാനില്ല. റിയൽ എസ്റ്റേറ്റുകാർ എങ്ങനാണ്, സ്ഥലം എടുക്കും ലേ ഔട്ട് ഉണ്ടാക്കും, വിൽക്കും പണമുണ്ടാക്കും. ഇവരൊക്കെ ഇന്ത്യ- പാക് അതിർത്തിയിൽ യുദ്ധത്തിന് പോയി മടങ്ങിവരുന്നതുപോലെയാണല്ലോ പറയുന്നത്. സിനിമ ഉണ്ടാക്കുന്നു, അതില്‍ നിന്നു പൈസ നേടുന്നു, വീട്ടിൽ പോകുന്നു.–’’ രേവന്ത് റെഡ്ഡി പറഞ്ഞു. 



Source link

Related Articles

Back to top button