INDIALATEST NEWS

ആരാധനാലയങ്ങൾ: അവകാശവാദ ഹർജികളിൽ സുപ്രീം കോടതി ഇടപെടൽ

ആരാധനാലയങ്ങൾ: അവകാശവാദ ഹർജികളിൽ സുപ്രീം കോടതി ഇടപെടൽ | മനോരമ ഓൺലൈൻ ന്യൂസ് – Religious Sites Ownership Disputes: The Supreme Court of India has halted the registration of new petitions claiming ownership of religious sites, including the Gyanvapi Mosque and Shahi Idgah, as it reviews the Places of Worship Act. This decision comes amidst ongoing legal battles over religious sites in India | India News Malayalam | Malayala Manorama Online News

ആരാധനാലയങ്ങൾ: അവകാശവാദ ഹർജികളിൽ സുപ്രീം കോടതി ഇടപെടൽ

മനോരമ ലേഖകൻ

Published: December 13 , 2024 02:41 AM IST

2 minute Read

അവകാശവാദം ഉന്നയിച്ചുള്ള ഹർജികളുടെ റജിസ്ട്രേഷൻ തടഞ്ഞു

സർവേ ഉൾപ്പെടെ ഒരു തരത്തിലുള്ള ഉത്തരവുകളും പാടില്ല

വിലക്ക് ആരാധനാലയ നിയമത്തിന്റെ സാധുത തീരുമാനിക്കും വരെ

സുപ്രീംകോടതി

ന്യൂഡൽഹി ∙ ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് ഇതരവിഭാഗങ്ങൾ നൽകുന്ന ഹർജികളുടെ റജിസ്ട്രേഷൻ സുപ്രീം കോടതി തടഞ്ഞു. വാരാണസിയിലെ ഗ്യാൻവാപി, ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ് ഗാഹ്, ചന്ദൗസിയിലെ ഷാഹി ജമാ മസ്ജിദ് തുടങ്ങി വിവിധ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ സർവേ ഉൾപ്പെടെ ഒരു തരത്തിലുള്ള ഉത്തരവുകളും പുറപ്പെടുവിക്കരുതെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് വ്യക്തമാക്കി. കേസിലെ പ്രധാന നിയമപ്രശ്നം പരിഗണനയിലാണെന്ന് എടുത്തു പറഞ്ഞ കോടതി, ഇനിയൊരു ഉത്തരവുണ്ടാകും വരെ വിലക്കു തുടരുമെന്നും വ്യക്തമാക്കി. 

ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947 ഓഗസ്റ്റ് 15നുള്ള സ്ഥിതി തന്നെ തുടരണമെന്നതുൾപ്പെടുന്ന 1991 ലെ ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർ‍ജികൾ പരിഗണിച്ചാണ്  ഇടക്കാല വിധി. ‘നിയമം തന്നെ പുതിയ ഹർജികൾ ഫയൽ ചെയ്യുന്നതു വിലക്കുന്നുണ്ട്. നിയമത്തിന്റെ സാധുതയുടെ കാര്യത്തിൽ ബെഞ്ച് തീരുമാനമെടുക്കുംവരെ പുതിയ ഹർജികൾ പാടില്ല. നിലവിലെ ഹർജികളിൽ സർവേ നിർദേശമോ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ പാടില്ല’– കോടതി നിർദേശിച്ചു. ഹർജി നൽകാൻ തടസ്സമില്ലെങ്കിലും കോടതികൾ അവ റജിസ്റ്റർ ചെയ്യരുത്. അതേസമയം, മുസ്‌ലിം പള്ളികൾ, ദർഗകൾ തുടങ്ങിയവയിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിലെ തുടർനടപടികൾ പൂർണമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മസ്ജിദുകളും ദർഗകളുമായ 10 ആരാധനാലയങ്ങൾക്കെതിരെ 18 ഹർജികൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഉണ്ടെന്നു വാദത്തിനിടെ ചൂണ്ടിക്കാണിക്കപ്പെട്ടു.

കേന്ദ്രം സത്യവാങ്മൂലം നൽകണംആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം ഫയൽ ചെയ്യാൻ ജഡ്ജിമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി.വിശ്വനാഥൻ എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. ഇതു ലഭിച്ച ശേഷം നിയമം ചോദ്യം ചെയ്തു ഹർജി നൽകിയവർക്കു മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി നാലാഴ്ച സമയം അനുവദിച്ചു. ഇരുവിഭാഗത്തിനുമായി പ്രത്യേകം നോഡൽ അഭിഭാഷകരെയും നിയമിച്ചു. ആരാധനാലയ നിയമത്തിലെ വിവിധ വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത്, ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ഉൾപ്പെടെ 6 പേ‍ർ നൽകിയ ഹർജികളാണു കോടതി പരിഗണിക്കുന്നത്. 2020–ൽ തന്നെ കോടതി നോട്ടിസ് അയച്ചെങ്കിലും കേന്ദ്രം മറുപടി ഫയൽ ചെയ്തിരുന്നില്ല. കേസിൽ കക്ഷിചേരാനുള്ള സിപിഎം, മുസ്‌ലിം ലീഗ്, സമസ്ത, ഡിഎംകെ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ ഹർജികൾ കോടതി അനുവദിച്ചു.
ആരാധനാലയങ്ങളിലെ അവകാശവാദം സ്റ്റേ എതിർത്ത് കേന്ദ്രംന്യൂഡൽഹി ∙ ആരാധനാലയങ്ങളിലെ അവകാശവാദവുമായി ബന്ധപ്പെട്ട് പല കോടതികളിലായി 18 ഹർജികളെങ്കിലുമുണ്ടെന്നും അവയിലെ നടപടികൾ സ്റ്റേ ചെയ്യേണ്ടതാണെന്നും ആരാധനാലയ നിയമം തുടരണം എന്നാവശ്യപ്പെടുന്നവർക്കായി ഹാജരായ രാജു രാമചന്ദ്രൻ പറഞ്ഞു. ആ കേസുകളുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്കു വന്ന് അതെല്ലാം സ്റ്റേ ചെയ്യണമെന്ന് പറയാൻ കഴിയുമോ എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ചോദ്യം. ഈ ഘട്ടത്തിൽ ജസ്റ്റിസ് കെ.വി.വിശ്വനാഥൻ ഇടപെട്ടു. അയോധ്യക്കേസിൽ ആരാധനാലയ നിയമത്തിന്റെ കാര്യം അഞ്ചംഗ ഭരണഘടന ബെഞ്ച് വിശദമാക്കിയതാണ്. അതു മറികടക്കാൻ വിചാരണക്കോടതികൾക്കു കഴിയുമോ? അതുകൊണ്ടു തന്നെ ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചുള്ള ഹർജികൾ സ്റ്റേ ചെയ്യപ്പെടേണ്ടതുണ്ട്– ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. കക്ഷികളെ കേൾക്കാതെ സ്റ്റേ ഉത്തരവു പുറപ്പെടുവിക്കരുതെന്നു ഹിന്ദു വിഭാഗത്തിലെ ഹർജിക്കാർക്കായി അഭിഭാഷകൻ സായ് ദീപക് പറഞ്ഞതും അംഗീകരിച്ചില്ല. സ്റ്റേ സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു കോടതിയുടെ മറുപടി. ആരാധനാലയ നിയമത്തിന്റെ പരിധി, നിയമസാധുത എന്നിവ പരിശോധിക്കുമെന്നും അതുവരെ ഉത്തരവു പുറപ്പെടുവിക്കുന്നതിൽ നിന്നു കോടതികൾ വിട്ടു നിൽക്കേണ്ടത് അനിവാര്യമാണെന്നും ബെഞ്ച് പറഞ്ഞു.

ഇവ പ്രധാനമെന്ന് കോടതിആരാധനാലയ നിയമത്തിന്റെ 3,4 വകുപ്പു വിശദമായി പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നു ജസ്റ്റിസ് വിശ്വനാഥൻ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ഭരണഘടനാസാധുതയാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും സൂചിപ്പിച്ചായിരുന്നു പരാമർശം. ഇതിനകം വേരുറച്ച ഭരണഘടനാ തത്വങ്ങളുടെ ആവർത്തനം മാത്രമാണ് മൂന്നാം വകുപ്പെന്ന വീക്ഷണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധനാസ്ഥലം മറ്റൊരു വിഭാഗത്തിനായി മാറ്റുന്നതു വിലക്കുന്നതാണ് മൂന്നാം വകുപ്പ്. സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ളതാണ് ആരാധനാലയത്തിന്റെ സ്വഭാവമെന്നും അതു തുടരണമെന്നും അതിൽ കോടതികളുടെ ഉൾപ്പെടെ ഇടപെടൽ വിലക്കണമെന്നും വ്യവസ്ഥചെയ്യുന്നതാണ് നാലാം വകുപ്പ്.

English Summary:
Religious Sites Ownership Disputes: The Supreme Court of India has halted the registration of new petitions claiming ownership of religious sites, including the Gyanvapi Mosque and Shahi Idgah, as it reviews the Places of Worship Act. This decision comes amidst ongoing legal battles over religious sites in India

mo-news-common-gyanvapimosque mo-religion-worship mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list 253mhddv2cvj7brmnip1uvp86p mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt


Source link

Related Articles

Back to top button