റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു,അപകടം കാർ ചേസിംഗ് വീഡിയോ എടുക്കുന്നതിനിടെ
കോഴിക്കോട്: കാർ ചേസിംഗ് റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. വീഡിയോഗ്രാഫറായ കടമേരി വേളത്ത് താഴെ കുനി നെടുഞ്ചാലിൽ സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകൻ ടി.കെ.ആൽവിൻ (20) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡിൽ പൊലീസ് സ്റ്രേഷന് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം.
കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫൻഡർ, ബെൻസ് കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുകയായിരുന്നു ആൽവിൽ. അതിവേഗത്തിലെത്തിയ ഡിഫൻഡർ കാർ നിയന്ത്രണം വിട്ട് ആൽവിനെ ഇടിച്ചു തെറിപ്പിച്ചു. ഒപ്പമുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30ഓടെ മരിച്ചു. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രി മോർച്ചറിയിൽ. മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിക്കായി സൗഹൃദത്തിന്റെ പേരിലാണ് ആൽവിൽ വീഡിയോ ചിത്രീകരിച്ചത്.
അശ്രദ്ധമായ ഡ്രൈവിംഗ്, മന:പൂർവമല്ലാത്ത നരഹത്യ വകുപ്പുകൾ ചേർത്ത് വാഹനം ഓടിച്ചയാൾക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. കമ്പനി പ്രതിനിധിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കാറുകൾ കസ്റ്റഡിയിലെടുത്തു. സിനിമാറ്റോഗ്രാഫർ കൂടിയായ ആൽവിൻ മുമ്പും വാഹനങ്ങളുടെ ചേസിംഗ് റീൽസുകൾ ഷൂട്ട് ചെയ്തിട്ടുണ്ട്.
ഗൾഫിൽ നിന്ന്
എത്തിയത് ഒരാഴ്ച മുമ്പ്
ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലായിരുന്ന ആൽവിൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രണ്ടു വർഷം മുമ്പ് ആൽവിന് കിഡ്നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ആറുമാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. ബീച്ച് റോഡിൽ വാഹനത്തിരക്ക് കുറവുള്ള രാവിലെ ഇത്തരത്തിൽ വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരണം നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Source link