KERALAM

‘മെമ്മറി കാർഡ് പുറത്തുപോയാൽ ജീവിതത്തെ ബാധിക്കും’; രാഷ്‌ട്രപതിയുടെ ഇടപെടൽ തേടി അതിജീവിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതി തേടി രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീജീവിത നീതിതേടി രാഷ്‌ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയിൽ ഉൾപ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്‌ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതിയിൽ പറയുന്നത്.

മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ, ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജുഡീഷ്യറിയുടെ മേൽ ഭരണപരമായ ഒരു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ രാഷ്‌ട്രപതിക്ക് കത്ത് നൽകിയിരിക്കുന്നത്.

ഈ മെമ്മറി കാർഡ് പുറത്തുപോയാൽ അത് തുടർന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്‌ട്രപതിയുടെ ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് രഷ്‌ട്രപതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.


Source link

Related Articles

Back to top button