WORLD

ശിക്ഷാവിധിക്ക് ഒരുനിമിഷം; 43 വര്‍ഷം ജയിലില്‍; പുറത്തിറങ്ങിയവരില്‍ സിറിയന്‍ വ്യോമസേനാ മുന്‍പൈലറ്റും


ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്തതായി വിമതസംഘമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 27-ന് തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ ആക്രമണത്തിന്റെ 11-ാം ദിവസമാണ് വിമതര്‍ രാജ്യം പിടിച്ചത്. 24 വര്‍ഷത്തെ അടിച്ചമര്‍ത്തല്‍ ഭരണത്തിന് വിരാമമിട്ട് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കുടുംബത്തോടെ നാടുവിട്ടതോടെ സിറിയയിലെ രാഷ്ട്രീയ തടവുകാരടക്കം മോചിപ്പിക്കപ്പെട്ടു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് 43 വര്‍ഷങ്ങള്‍ക്കുശേഷം സൂര്യവെളിച്ചം കാണുന്ന റായീദ് അല്‍-തതാരിയുടെ മോചനമാണ്.ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രീയത്തടവുകാരനായി ജയിലില്‍ കഴിയേണ്ടിവന്ന തടവുകാരനാവും റായീദ് എന്നാണ് ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. സിറിയയിലെ കുപ്രസിദ്ധമായ ജയിലുകളിലെല്ലാം ഏകാന്തതടവില്‍ കഴിഞ്ഞിട്ടുണ്ട് റായീദ്. സിറിയന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന അദ്ദേഹം എന്തിനാണ് തടവിലാക്കപ്പെട്ടത് എന്നത് ഇന്നും ചുരുളഴിയാത്ത ഒരു സമസ്യയാണ്. പല കഥകളാണ് അതിനെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നത്. അതില്‍ പ്രധാനവും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ കാരണം ഇതാണ്; 1981-ല്‍ റായീദിനൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു പൈലറ്റ് ഒരു ഫൈറ്റര്‍ ജെറ്റില്‍ ജോര്‍ദാനിലേക്ക് കടന്നു. അതിന് സഹായം ചെയ്തുകൊടുത്തത് റായീദാണ് എന്നാരോപിച്ചാണ് ഭരണകൂടം അദ്ദേഹത്തെ തുറുങ്കിലടച്ചത്.


Source link

Related Articles

Back to top button