KERALAM

മുനമ്പം വിഷയം; കെഎം ഷാജിയെ പിന്തുണച്ച് മുഹമ്മദ് ബഷീർ, തള്ളാതെ തങ്ങളും കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെഎം ഷാജിയുടെ പ്രസ്‌താവനയെ പിന്തുണച്ച് മുതിർന്ന മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുനമ്പം വഖഫ് ഭൂമിയാണെന്ന വാദം ശരിവച്ചു.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് ആവർത്തിച്ച് രംഗത്തുവന്ന കെഎം ഷാജി, പാണക്കാട് തങ്ങൾ പ്രശ്‌നത്തിൽ ഇടപെട്ടതിന്റെ കാരണവും വിശദീകരിച്ചതോടെയാണ് ലീഗം കോൺഗ്രസും കൂടുതൽ പ്രതിരോധത്തിലായത്. പിന്നാലെയാണ് മുതിർന്ന നേതാവായ ഇടി മുഹമ്മദ് ബഷീറും ഷാജിയെ പിന്തുണച്ച് രംഗത്തുവന്നത്.

വഖഫ് ഭൂമിയാണെന്ന വാദം പരസ്യമായി ഉന്നയിക്കാതെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമാണ് മുസ്ലീം ലീഗ് നേതാക്കൾ ഇതുവരെ നടത്തിയത്. എന്നാൽ, സമുദായ സംഘടനകൾ ഉന്നയിച്ച വാദം കണക്കിലെടുത്ത് ഇടി മുഹമ്മദ് ബഷീറും കെഎം ഷാജിയും രംഗത്ത് വന്നതോടെ പ്രശ്‌ന പരിഹാരത്തിന് മുൻകൈ എടുത്ത പാർട്ടി അദ്ധ്യക്ഷനും പികെ കുഞ്ഞാലിക്കുട്ടിയും പ്രതിസന്ധിയിലായി. വിഷയത്തിൽ മുസ്ലീം ലീഗിൽ ഭിന്നത ഇല്ലെന്നാണ് അവരുടെ വിശദീകരണം.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ വാദത്തെ തള്ളിയാണ് മുഹമ്മദ് ബഷീറും കെഎം ഷാജിയും എംകെ മുനീറും ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തള്ളാതെയാണ് നേരത്തേ പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും സമവായ ചർച്ചകൾ നടത്തിയത്.

പ്രതിപക്ഷം ഇക്കാര്യത്തിൽ മുന്നോട്ടുവച്ച ഒത്തുതീർപ്പ് സാദ്ധ്യതയ്‌ക്കും സമുദായ സൗഹൃദത്തിനും തുരങ്കം വയ്‌ക്കുന്നതാണ് ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളുടെ നിലപാടെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. മുനമ്പം വിഷയത്തിൽ ത‌ർക്കത്തിനില്ലെന്നും സംഘപരിവാറിന്റെ കെണിയിൽ വീഴരുതെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.


Source link

Related Articles

Back to top button