സഹായം തേടിയെത്തി, വൃക്ക നൽകി രക്ഷിച്ചു
സുമേഷ്, ഷൈജു
തൃശൂർ: സഹോദരിയുടെ വൃക്കരോഗിയായ മകനെ എങ്ങനെയും രക്ഷിക്കണം. അതിനുള്ള ചികിത്സാസഹായം തേടിയെത്തിയതായിരുന്നു അന്തിക്കാട് സ്വദേശി ലീല. ബേക്കറി ഉത്പന്ന നിർമ്മാണശാല നടത്തുന്ന ഷൈജു സായ്‌റാം(46) പറഞ്ഞു: അതിനുള്ള പണമില്ല, എന്റെ വൃക്ക തരാം. കളിയാക്കിയതാണെന്ന് കരുതി ലീല വിഷമത്തോടെ മടങ്ങാൻ തുടങ്ങിയപ്പോൾ ഷൈജു പറഞ്ഞു: വെറുതേ പറഞ്ഞതല്ല. കഴിഞ്ഞ മാസം 18ന് ഈ ‘അമ്മ”യ്ക്ക് ഷൈജുവിന്റെ വാക്കുകൾ ദൈവനിയോഗമെന്ന് ബോദ്ധ്യമായി.
അന്തിക്കാട് അംബേദ്കർ നഗറിലെ സുമേഷിനാണ് (42) തൃശൂർ അന്തിക്കാട് പുള്ള് സ്വദേശി ഷൈജു സായ്‌റാം വൃക്ക നൽകിയത്. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു കഴിഞ്ഞ 18ന് ശസ്ത്രക്രിയ. ഇരുവരും വിശ്രമത്തിലാണിപ്പോൾ.
2022 ഏപ്രിലിലാണ് സുമേഷിനായി ലീല സഹായമഭ്യർത്ഥിച്ച് ഷൈജുവിന്റെ സ്ഥാപനത്തിലെത്തിയത്. പിറ്റേദിവസം സുമേഷിന് ഷൈജുവിന്റെ വൃക്ക ചേരുമോ എന്ന് പരിശോധിച്ചു. അത് അനുകൂലമായി. പക്ഷേ, ശസ്ത്രക്രിയയുടെ ഭാഗമായുള്ള പരിശോധനയിൽ സുമേഷിന്റെ കരളിൽ തടിപ്പ് കണ്ടു. ഇതോടെ ശസ്ത്രക്രിയ മാറ്റി. ഇതിനിടെ ഷൈജുവിനെ പിന്തിരിപ്പിക്കാൻ ഭാര്യയും സുഹൃത്തുക്കളും ശ്രമിച്ചു. കാലമേറെ കഴിഞ്ഞിട്ടും ഷൈജു ഉറച്ചുനിന്നതോടെ ഭാര്യ സനിതയും മക്കളായ നന്ദനയും സായ് കൃഷ്ണയും ഒപ്പം നിന്നു.സുമേഷിന്റെ സുഹൃത്തുക്കളും സുമനസുകളും ചേർന്ന് പിരിവ് നടത്തിയും തൃപ്രയാറിൽ ഗാനവിരുന്ന് നടത്തിയുമാണ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്. ശരണ്യയാണ് സുമേഷിന്റെ ഭാര്യ. മകൻ ത്രിദേവ്.
”ഒരു ജീവൻ നിലനിറുത്താൻ കഴിയുന്നത് ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ടാണ് എത്ര വൈകിയിട്ടും വൃക്ക നൽകുന്നതിൽ ഉറച്ചുനിന്നത്.
– ഷൈജു സായ്‌റാം
Source link