KERALAM

കോടതി വിധിക്ക് പിന്നാലെ സുനിൽ സ്വാമി മലയിറങ്ങി, അവസാനിപ്പിച്ചത് 40 വർഷമായി തുടർന്നുവന്ന ശീലം

സന്നിധാനം: ഹൈക്കോടതി വിമർശനത്തിന് പിന്നാലെ വ്യവസായി സുനിൽ സ്വാമി ശബരിമലയിൽ നിന്ന് ഇറങ്ങി. സുനിൽ സ്വാമിക്ക് പ്രത്യേകമായി ഒരു പരിഗണനയും നൽകരുതെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. മറ്റ് ഭക്തർക്ക് ലഭിക്കാത്ത സൗകര്യങ്ങൾ സുനിൽ സ്വാമിക്ക് ശബരിമലയിൽ ലഭിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ശബരിമലയിലെ ഡോണർ ഹൗസായ സഹ്യാദ്രി പിൽഗ്രിം സെന്ററിലെ 401ാം മുറി 10 വർഷമായി സുനിൽ സ്വാമി മാത്രം ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചിരുന്നു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

കോടതി പരമാർശം വന്ന ഉടൻ തന്നെ സുനിൽ സ്വാമി സന്നിധാനത്ത് നിന്നും മടങ്ങി. ഡോളിയിലാണ് പമ്പയിലെത്തിയത്. 40 വർഷമായി തുടർച്ചയായി നടതുറക്കുന്ന നാൾ മുതൽ അടക്കുന്നത് വരെയും സുനിൽ സ്വാമി ശബരിമലയിൽ നിറസാന്നിദ്ധ്യമായിരുന്നു. ശബരിമലയിൽ എല്ലാ ദിവസത്തെ പൂജകളിലും സുനിൽ സ്വാമി പങ്കെടുക്കുന്നുണ്ട്. ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നിൽ ഇദ്ദേഹം ഉണ്ടാകാറുണ്ട്.

വിർച്വൽ ക്യൂ വഴി മാത്രമാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളത്. സുനിൽ സ്വാമിക്കും ഈ രീതിയിൽ പ്രവേശനം അനുവദിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു. ഡോണർ റൂമുകളിൽ ഒരു സീസണിൽ അഞ്ച് ദിവസം ആ മുറിയിൽ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നൽകി താമസിക്കാനും അനുവാദമുണ്ട്. എന്നാൽ വർഷങ്ങളോളം അത് കൈവശം വയ്‌ക്കാൻ കഴിയില്ല. ഇതാണ് സുനിൽ സ്വാമി ലംഘിച്ചതെന്ന് കോടതി വിലയിരുത്തി.

ശബരിമലയുമായി ബന്ധപ്പെട്ട സുനിൽ സ്വാമിയുടെ ഇടപെടലുകൾ വർഷങ്ങൾക്ക് മുമ്പ് തന്നെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചുവരികയുമായിരുന്നു. വിവിധ വകുപ്പുകളിൽ നിന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടുകയും അവ പരിശോധിക്കുകയും ചെയ‌്ത ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.


ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ ഉൾപ്പെട്ട വ്യക്തിയാണ് സുനിൽ സ്വാമി. വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ഇയാൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്നും, ആചാര ലംഘനം നടത്തുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നു.


Source link

Related Articles

Back to top button