KERALAM

സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി നൽകാമെന്ന് പറഞ്ഞ് എം ടി രമേശ് തട്ടിയത് ഒമ്പത് കോടി; ആരോപണവുമായി മുൻ ബിജെപി നേതാവ്

കൊച്ചി: സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി നൽകാമെന്ന് പറഞ്ഞ് ബി ജെ പി നേതാവ് എം ടി രമേശ് ഒമ്പത് കോടി രൂപ തട്ടിയെന്ന ആരോപണവുമായി മുൻ നേതാവ് എ കെ നസീർ. ബി ജെ പി മുൻ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോർച്ച ദേശീയ ഭാരവാഹിയുമായിരുന്നു നസീർ.


മെഡിക്കൽ കോഴ കേസിൽ പുനഃരന്വേഷണം നടത്തിയാൽ തെളിവുകൾ കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണ കമ്മിഷൻ അംഗമായിരുന്നു നസീർ. അതേസമയം, എൽ ഡി എഫ് സർക്കാരിന്റെ പൊലീസ് ഈ കേസ് അന്വേഷിച്ച് തള്ളിക്കളഞ്ഞതാണെന്നും അതിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് ദുരുദ്ദേശപരമാണെന്നും എം ടി രമേശ് പ്രതികരിച്ചു.

വർക്കല എസ്. ആർ,​ ചെർപ്പുളശേരി മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരം നേടിത്തരാമെന്ന പേരിൽ കോടികൾ കൈക്കൂലി വാങ്ങിയെന്നായിരുന്നു എം ടി രമേശിനെതിരെ ആരോപണം ഉയർന്നത്. കുമ്മനം രാജശേഖരൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ നസീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലൂടെയാണ് ആരോപണം പുറത്തുവന്നത്. ഈ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെ എ കെ നസീറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെ പാർട്ടി വിട്ടു.

30 വർഷത്തോളം ബി ജെ പി അംഗമായിരുന്നു എ കെ നസീർ. പാർട്ടി വിട്ട അദ്ദേഹം കഴിഞ്ഞ മാർച്ചിൽ സി പി എമ്മിൽ ചേർന്നിരുന്നു. മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളോട് ബി ജെ പി നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും ഇതാണ് പാർട്ടി വിടാൻ കാരണമെന്നും എ കെ നസീർ അന്ന്‌ പറഞ്ഞിരുന്നു.


Source link

Related Articles

Back to top button