നവീൻ ബാബുവിന്റെ മരണം: ഹൈക്കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാമെന്ന് സിബിഐ, ഹർജി 12ലേക്ക് മാറ്റി
കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ. അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാമെന്ന് സിബിഐ വ്യക്തമാക്കി. ഹർജി ഈ മാസം 12ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നൽകും.
നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കേണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ്. നവീന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂർത്തിയാക്കും. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷയാണ് ഹർജി നൽകിയത്. ഭർത്താവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്.
സി.പി.എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന പ്രതി പിപി ദിവ്യയ്ക്ക് ഉന്നതരാഷ്ട്രീയ സ്വാധീനമുള്ളതിനാൽ നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഹർജി പരിഗണിച്ചപ്പോൾ ഇന്നേയ്ക്കകം കേസ് ഡയറി ഹാജരാക്കണമെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചിരുന്നു. ദിവ്യയെ സംരക്ഷിക്കും വിധത്തിലാണ് അന്വേഷണമെന്നാണ് മഞ്ജുഷയുടെ വാദം.
പ്രോട്ടോക്കോളിൽ പ്രതിയെക്കാൾ താഴെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചത്. നവീൻ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചെന്ന് പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. പ്രതിക്ക് അനുകൂലമായി രേഖ ചമയ്ക്കാൻ അന്വേഷണസംഘം കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ചിട്ടുണ്ട്.
Source link