പൊലീസിലെ ഭിന്നത : പുണ്യം പൂങ്കാവനം പദ്ധതി നിലച്ചു
പത്തനംതിട്ട:ശബരിമല ശുചീകരണത്തിൽ ശ്രദ്ധേയമായ കേരള പൊലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതി ഉന്നതരുടെ ഭിന്നതകൾ കാരണം നിലച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ പരാമർശിച്ച പദ്ധതിയാണിത്. മാലിന്യ നിർമ്മാർജനത്തിന് 2011ൽ ഐ.ജി പി.വിജയനാണ് പുണ്യം പൂങ്കാവനം തുടങ്ങിയത്. അദ്ദേഹം അച്ചടക്ക നടപടികൾക്ക് വിധേയനായതോടെ പദ്ധതിക്ക് വേണ്ടത്ര പൊലീസുകാരെ നൽകാതായി.
തുടക്കത്തിൽ നൂറു പേർ വരെ ഉണ്ടായിരുന്നു. കഴിഞ്ഞവർഷം നാമമാത്രമായ പൊലീസുകാരെയാണ് നിയോഗിച്ചത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട പൊലീസ്, ആരാധനാലയങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണമെന്നും പൊലീസിൽ നിന്ന് പദ്ധതി മാറ്റണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു.
ദേവസ്വം ജീവനക്കാരെയും വകുപ്പ് ഉദ്യോഗസ്ഥരേയും തീർത്ഥാടകരേയും ഉൾപ്പെടുത്തി ശുചീകരണത്തിനായി ദേവസ്വം ബോർഡ് പവിത്രം ശബരിമല പദ്ധതി കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. ഇതോടെ അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാറും പുണ്യം പൂങ്കാവനം പദ്ധതിയോട് വിമുഖത കാട്ടി. ഐ.ജി.വിജയൻ സേനയിൽ തിരികെ എത്തിയെങ്കിലും പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല. സന്നിധാനം വടക്കേനടയിലെ പദ്ധതിയുടെ ഓഫീസ് മുറി ഇത്തവണ കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
ബാബറി മസ്ജിദ് ദിനം:ശബരിമലയിൽ കനത്തസുരക്ഷ
ബി. അജീഷ്
ശബരിമല : ബാബറി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിൽ കേന്ദ്ര, സംസ്ഥാന സേനകൾ കർശന സുരക്ഷയൊരുക്കും. പ്രധാന കേന്ദ്രങ്ങളിൽ ഇന്നലെത്തന്നെ സായുധസേനയെ വിന്യസിച്ചു. സന്നിധാനത്തിന്റെ സുരക്ഷ ഇന്ന് ഇവർക്കായിരിക്കും. ഇന്നലെ വൈകിട്ട് സംയുക്തസേന സന്നിധാനത്ത് റൂട്ട്മാർച്ച് നടത്തി. സന്നിധാനത്തിന് പുറമെ പമ്പ, നിലയ്ക്കൽ, തുടങ്ങി വിവിധ ഭാഗങ്ങളിലും പ്രധാന ഇടത്താവളങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. കമാൻഡോകൾ, കേരള പൊലീസ്, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, ഫയർ ഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ്, ബോംബ് സ്ക്വാഡ് എന്നിവ സംയുക്തപരിശോധന തുടങ്ങി. മെറ്റൽ ഡിറ്റക്ടർ, ബോംബ് ഡിറ്റക്ടർ പരിശോധനയ്ക്ക് പുറമേ പ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണവുമുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധകേന്ദ്രങ്ങളിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി. മതിയായ രേഖകളില്ലാതെ തങ്ങുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. ഇന്ന് നെയ്യഭിഷേകത്തിനും വിശേഷാൽ പൂജാ ദർശനങ്ങൾക്കും നിയന്ത്രണമുണ്ടാകും.
Source link