KERALAMLATEST NEWS

ഒമ്പത് അടിയോളം നീളവും എട്ട് കിലോ ഭാരവും ,​ പുലർച്ചെ ആനന്ദൻ പിള്ളയുടെ വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ

ചാരുംമൂട്: താമരക്കുളം ചത്തിയറയിലുള്ള വീട്ടിലെ പട്ടിക്കൂട്ടിൽ കയറാൻ ശ്രമിച്ച മലമ്പാമ്പിനെ വീട്ടുകാർ പിടികൂടി. ഇരുമ്പു കൂട്ടിലാക്കി സൂക്ഷിച്ചിരുന്ന പാമ്പിനെ പാമ്പു പിടുത്തക്കാരനെത്തി പുറത്തെടുത്ത് വനം വകുപ്പിന് കൈമാറാനായി കൊണ്ടുപോയി. താമരക്കുളം ചത്തിയറ ആനന്ദഭവനം ആനന്ദൻ പിള്ളയുടെ വീട്ടിൽ നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.

ചത്തിയറ പുഞ്ചയോട് ചേർന്നുള്ള വീട്ടിൽ ഇന്നലെ പുലർച്ചെ 5 മണിയോടെ അസാധാരണമായി വളർത്തുപട്ടി കുരയ്ക്കുന്നത് കേട്ടാണ് ആനന്ദൻ പിള്ള പുറത്തിറങ്ങിയത്. പട്ടിക്കൂട്ടിലെത്തി നോക്കുമ്പോൾ കൂടിന്റെ ഇളകിയ പലകയ്ക്കിടയിലൂടെ പാമ്പ്കയറുന്നത് കണ്ടു. ഉടൻ തന്നെ വീട്ടിൽ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഇരുമ്പു നെറ്റുകൊണ്ടുള്ള കൂട് കൊണ്ടുവന്ന് മകൻ മഹേഷിന്റെയും അടുത്ത വീട്ടുകാരനായ സജിയുടെയും സഹായത്തോടെ പാമ്പിനെ കൂട്ടിലാക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 10.30 ഓടെ പാമ്പുപിടുത്തക്കാരനായ ചെങ്ങന്നൂർ സ്വദേശി സാം എത്തി പാമ്പിനെ സഞ്ചിയിലാക്കി വനം വകുപ്പിന് കൈമാറാനായി കൊണ്ടുപോയി. 9 അടിയോളം നീളവും 8 കിലോയോയിലധികം ഭാരവുമുള്ളതാണ് പാമ്പ്.


Source link

Related Articles

Back to top button