നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന ഹർജിയിൽ വിധി ഡിസം. 3ന്
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കാൻ കോടതി ഇടപെടൽ തേടി കുടുംബം നൽകിയ ഹർജിയിൽ അടുത്തമാസം മൂന്നിന് വിധി പറയും. പി.പി ദിവ്യ, ടി.വി പ്രശാന്ത്, ജില്ലാ കളക്ടർ എന്നിവരുടെ ഫോൺ രേഖകളും കളക്ടറേറ്റിലേയും റയിൽവേ സ്റ്റേഷനിലേതുമടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.തെളിവുകൾ എല്ലാം ശേഖരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഏതൊക്കെ ഫോൺ നമ്പറുകളാണ് എടുത്തതെന്ന് റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടി. പെട്രോൾ പമ്പ് അപേക്ഷൻ പ്രശാന്തന്റെ ഫോൺ രേഖകളെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നില്ല. പ്രതികളല്ലാത്തവരുടെ ഫോൺരേഖകൾ എടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. തുടർന്നാണ് വിധി പറയാൻ മാറ്റിയത്.
കോടതിയിൽ സമർപ്പിച്ച ഫോൺ നമ്പറല്ലാതെ മറ്റുഫോൺ നമ്പറുകൾ കളക്ടറോ, പ്രശാന്തോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ കോൾഡേറ്റ റെക്കോഡുകളും ടവർ ലൊക്കേഷനുകളും സംരക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്വേഷണം മറ്റ് ഏജൻസികൾക്ക് ഏറ്റെടുക്കേണ്ടി വന്നാൽ ഈ തെളിവുകൾ നഷ്ടപ്പെട്ടുപോകുമെന്നാണ് വാദം.
ജില്ലാ കളക്ടറുടെയും പ്രശാന്തിന്റെയും കോൾറെക്കോഡുകളാണ് മുഖ്യതെളിവുകളായി നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത ചൂണ്ടിക്കാണിക്കുന്നത്. കളക്ടർ ഉപയോഗിക്കുന്ന ഒരു ഫോണിലെ കോൾ റെക്കോഡുകൾ മാമ്രേ അന്വേഷണസംഘം പരിശോധിച്ചിട്ടുള്ളൂവെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
തെളിവുകൾ സംരക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ, ബി.എസ്.എൻ.എൽ, വോഡാഫോൺ അധികൃതർ എന്നിവർക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
Source link