KERALAMLATEST NEWS

നീല ട്രോളി ബാഗിൽ പണമെത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ല

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ നീല ബാഗിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു പരാതി. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തുടർ നടപടി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന സി.പി.എം നേതാക്കളുടെ പരാതിയിൽ പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ സിസി ടിവി പരിശോധിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങളാണ് സി.പി.എം പുറത്തുവിട്ടത്. ബാഗിൽ തന്റെ വസ്ത്രങ്ങളാണെന്ന മറുപടിയുമായി രാഹുലും രംഗത്തെത്തിയിരുന്നു. ഹോട്ടലിൽ പാതിരാത്രി റെയ്ഡിനെതിരെ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ബിന്ദു കൃഷ്ണ എന്നിവർ പൊലീസിൽ പരാതി നൽകിയിരുന്നു.

നാടകമെന്ന് രാഹുൽ

പാലക്കാട് നടന്നത് രാഷ്ട്രീയ നാടകമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കളളപ്പണക്കാരനാക്കാൻ ശ്രമിച്ചത് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ബോധപൂർവമായ അജണ്ടയാണ്. ജനഹിതത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്.

ഇതിന് ബി.ജെ.പിയും സി.പി.എമ്മും നിയമപരമായി മറുപടി പറയേണ്ടി വരും. മാനനഷ്ടക്കേസിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാഹുൽ പ്രതികരിച്ചു.


Source link

Related Articles

Back to top button