നഷ്ടസ്വപ്നങ്ങളെ കുറിച്ചോർത്ത് വിഷമിക്കേണ്ട; 13-ാം വയസിലെ ആഗ്രഹം 45-ാം വയസിൽ യാഥാർത്ഥ്യമാക്കി രേഷ്മ
വിഷ്ണുപ്രിയ ജെ എസ് | Saturday 30 November, 2024 | 12:47 PM
വളരെ ചെറുപ്പത്തിൽ തന്നെ മനസിൽ കയറിക്കൂടുന്ന ആഗ്രഹങ്ങളുണ്ട്. പലർക്കും സാഹചര്യങ്ങൾ കാരണം അവ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽപ്പോലും ഇവ മനസിൽ നിന്നും പോവില്ല. ചിലർ ഈ നഷ്ടസ്വപ്നങ്ങളെക്കുറിച്ച് ഓർത്ത് ജീവിതം തീർക്കുന്നു. അതേസമയം, മറ്റുചിലരാകട്ടെ ചുറ്റുമുള്ള തടസങ്ങളെയെല്ലാം ഭേദിച്ച് അവ നേടിയെടുക്കാൻ ശ്രമിക്കുന്നു. അത്തരത്തിൽ ഒരാളാണ് മാഹി സ്വദേശിനി രേഷ്മ. തന്റെ 14-ാം വയസിൽ മനസിൽ കയറിക്കൂടിയ ആഗ്രഹം 45-ാം വയസിൽ യാഥാർത്ഥ്യമാക്കിയ രേഷ്മ ഫറൂഖിന്റെ ജീവിത കഥ അറിയാം.
കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്ന കുട്ടിക്കാലം
വളരെ ചെറുപ്രായത്തിൽ തന്നെ അമ്മ മരിച്ചതിനാൽ രേഷ്മയ്ക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായി വന്നു. നാല് അനിയത്തിമാരെയും കുടുംബത്തെയും നോക്കേണ്ട ഉത്തരവാദിത്തം രേഷ്മ 13-ാം വയസിൽ ഏറ്റെടുത്തു. ഈ പ്രായത്തിലും സ്വന്തം വസ്ത്രങ്ങളും സഹോദരിമാരുടെ വസ്ത്രങ്ങളുമെല്ലാം രേഷ്മ സ്വയം ഡിസൈൻ ചെയ്തിരുന്നു.
14-ാം വയസിൽ ഒരു വസ്ത്രം സ്വയം ഡിസൈൻ ചെയ്ത് ധരിച്ചു. ഇത് കണ്ടതോടെ കസിൻസും രേഷ്മയുടെ ആരാധകരായി. പിന്നീട് അവർക്കും രേഷ്മ വസ്ത്രങ്ങൾ ചെയ്ത് കൊടുക്കാൻ തുടങ്ങി. ഇതെല്ലാം സ്വന്തം സർഗാത്മകതയ്ക്കനുസരിച്ചാണ് അവർ ചെയ്തിരുന്നത്. അന്നും ഇന്നും പുറത്തുപോയി ഒരു കോഴ്സ് രേഷ്മ പഠിച്ചിട്ടില്ല. തയ്യൽ പോലും സ്വയം പഠിച്ചതാണ്.
പ്രായം ഒന്നിനും തടസമല്ല
18-ാം വയസിലായിരുന്നു രേഷ്മയുടെ വിവാഹം. 20-ാം വയസിൽ ആദ്യത്തെ മകൻ ജനിച്ചു. നാലു മക്കളും ഭർത്താവും അടങ്ങുന്ന കുടുംബത്തിന്റെ ചുമതലകൾക്കിടയിലും രേഷ്മ സ്വന്തം ആഗ്രഹത്തെ മുറുകെ പിടിച്ചു. മക്കൾ വലുതായതോടെ ഡിസൈനിംഗിലേക്ക് രേഷ്മ കൂടുതൽ ശ്രദ്ധിക്കാനും സമയം മാറ്റിവയ്ക്കാനും തുടങ്ങി.
ആദ്യമൊക്കെ അവർ ധരിക്കുന്ന വസ്ത്രങ്ങൾ കണ്ട് പലരും അതുപോലെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വസ്ത്രം ഡിസൈൻ ചെയ്ത് നൽകി. മൗത്ത് പബ്ലിസിറ്റിയിലൂടെ ധാരാളം ഓർഡറുകൾ ലഭിച്ചു. അങ്ങനെ രണ്ട് വർഷം മുമ്പാണ് രേഷ്മ കണ്ണൂർ തലശേരിയിൽ സ്വന്തമായി ഒരു ബുട്ടീക്ക് ആരംഭിക്കുന്നത്. കട്ട സപ്പോർട്ടായി ഭർത്താവ് ഫറൂഖും മക്കൾ നിഹാൽ, സഹിൽ,ഐഷ, മൻഹ എന്നിവരും ഒപ്പമുണ്ട്. ‘ഐസ്ലിൻ ബൈ രേഷ്മ’ എന്നാണ് ബുട്ടീക്കിന്റെ പേര്.
സ്വന്തം മനസിൽ തോന്നുന്ന ഐഡിയകളും യൂട്യൂബ് നോക്കി സംശയങ്ങൾ പരിഹരിച്ചുമാണ് രേഷ്മ ഓരോ പുതിയ ഡിസൈനും കണ്ടെത്തുന്നത്. കസ്റ്റമേഴ്സ് പറയുന്ന അതേ ഡിസൈനിലുള്ള വസ്ത്രങ്ങളും രേഷ്മ ചെയ്ത് കൊടുക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങളാണ് ബുട്ടീക്കിലുള്ളത്. ‘ഐസ്ലിൻ ബൈ രേഷ്മ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഓൺലൈനായും ഓർഡറുകൾ ചെയ്യാവുന്നതാണ്. ആയിരം രൂപ മുതലുള്ള ഡിസൈനർ വസ്ത്രങ്ങൾ ബുട്ടീക്കിൽ ലഭിക്കും.
ആഗ്രഹങ്ങൾ ഓരോന്നായി നേടിയെടുത്ത് മുന്നോട്ട്
ഒമ്പതാം ക്ലാസിൽ ഉപേക്ഷിക്കേണ്ടി വന്ന പഠനം രേഷ്മ വീണ്ടും ആരംഭിച്ചു. പത്തും പ്ലസ് ടുവും എഴുതിയെടുത്ത് ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണവർ. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിനൊപ്പം പെയിന്റിംഗും ചെയ്യുന്നുണ്ട്. അതും എവിടെയും പോയി പഠിച്ചിട്ടില്ല. പാഷൻ കാരണം തനിയെ ചെയ്ത് പഠിച്ചതാണ്. ഹൗസ് വാമിംഗ് പോലുള്ള ചടങ്ങുകൾക്ക് ഓർഡർ അനുസരിച്ച് കസ്റ്റം കാൻവാസ് പെയിന്റിംഗുകളും രേഷ്മ ചെയ്ത് കൊടുക്കുന്നു.
രേഷ്മയ്ക്ക് പറയാനുള്ളത്
‘വയസും മറ്റ് സാഹചര്യങ്ങളും ആഗ്രഹങ്ങൾക്ക് ഒരു തടസമാകരുത്. ഒരുപാട് ആഗ്രഹമുണ്ടെങ്കിൽ അതെന്തായാലും ചെയ്യാൻ സാധിക്കും. അതിനൊരു ഉദാഹരണമാണ് ഞാൻ. നമുക്കത്രയും ഇഷ്ടമുണ്ടെങ്കിൽ ആരെതിർത്താലും അവരെ പറഞ്ഞ് മനസിലാക്കാൻ നമുക്ക് സാധിക്കും.’
Source link