KERALAMLATEST NEWS

സത്യപ്രതിജ്ഞ: ആഘോഷമാക്കി യു.ഡി.എഫ്, സഗൗരവത്തിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: ഇന്നലെ നടന്ന എം.എൽ.എമാരുടെ സത്യപ്രതിജ്ഞാചടങ്ങ് യു.ഡി.എഫ് ആഘോഷമാക്കിയപ്പോൾ, ഇടത് മുന്നണി ഗൗരവഭാവത്തിലായിരുന്നു. പാലക്കാട് പ്രതിനിധി രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് കന്നി പ്രവേശമാണ്. ചേലക്കരയിലെ യു.ആർ. പ്രദീപിന് രണ്ടാമൂഴവും.

12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരുന്നത്. ചേലക്കരയിൽ നിന്നുള്ള സഹപ്രവർത്തകർക്കൊപ്പം ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് നേരത്തെ തന്നെ യു.ആർ. പ്രദീപ് കുമാറെത്തി. ചടങ്ങ് കാണാൻ ഭാര്യ പ്രവിഷ, മക്കളായ കാർത്തിക്, കീർത്തന എന്നിവരും എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരുമായി അദ്ദേഹം കുശലപ്രശ്നം നടത്തി. വേദിയുടെ ഒരു ഭാഗത്തായി അദ്ദേഹം ഒതുങ്ങി നിന്നു.

11. 45 ഓടെ ഷാഫി പറമ്പിൽ, വി.കെ. ശ്രികണ്ഠൻ, പി.കെ. ഫിറോസ്, പി.സി. വിഷ്ണുനാഥ്, അൻവർസാദത്ത്, സന്ദീപ് വാര്യർ, അബിൻ വർക്കി ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് രാഹുൽ എത്തിയത്. സത്യപ്രതിജ്ഞ കാണാനായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉൾപ്പെടെ നേതാക്കളുടെ വൻ നിരയുണ്ടായിരുന്നു. പാലക്കാട്ടു നിന്നുള്ള നിരവധി കോൺഗ്രസ് പ്രവർത്തകരും ജന്മനാടായ പത്തനംതിട്ടയിൽ നിന്നുളള പ്രവർത്തകരും എത്തിയിരുന്നു. രാഹുലിന്റെ മാതാവ് ബീനയും സഹോദരി രജനിയും ഹാളിലുണ്ടായിരുന്നു.
ഹാളിലെത്തിയ രാഹുൽ പ്രവർത്തകരേയും നേതാക്കളേയും അഭിവാദ്യം ചെയ്തു. പരമാവധി പ്രവർത്തകർക്കും നേതാക്കൾക്കും ഹസ്തദാനം നല്കി. ഇതിനിടയിൽ മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാറും സജി ചെറിയാനും രാഹുലിനെയും പ്രദീപിനെയും അഭിനന്ദിച്ചു.

ആദ്യം യു.ആർ. പ്രദീപാണ് സത്യ പ്രതിജ്ഞ ചെയ്തത്. തുടർന്ന് രാഹുൽ മാങ്കൂട്ടവും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സത്യപ്രതിജ്ഞാവേദി വിട്ടതിനു പിന്നാലെ പ്രവർത്തകരുടെ ഹാരാർപ്പണവും അഭിനന്ദനവുമായി ഹാൾ സജീവമായി. ഒരു മണിക്കൂറിലധികം സമയം പ്രവർത്തകരും എം.എൽ.എമാരും ഇവിടെ ചെലവഴിച്ചു.


Source link

Related Articles

Back to top button