”രാജേന്ദ്രന്റെ മകനായിരുന്നു ആദ്യം, പിന്നീട് മരിച്ചു പോയ രാജേന്ദ്രന്റെ മകനായി”
തിരുവനന്തപുരം: തലപോയാലും കോൺഗ്രസ് പ്രസ്ഥാനത്തേയോ യുഡിഎഫ് മുന്നണിയേയോ തള്ളിപ്പറയില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാജേന്ദ്രന്റെ മകനായിരുന്നു ആദ്യം. പിന്നീട് മരിച്ചു പോയ രാജേന്ദ്രന്റെ മകനായി. അങ്ങനെയുള്ള മേൽവിലാസത്തിൽ തുടങ്ങി ഇന്ന് പാലക്കാടിന്റെ എംഎൽഎ എന്ന മേൽവിലാസം തന്നത് കോൺഗ്രസ് പ്രസ്ഥാനമാണ്. ഈ മുന്നണിയാണ്. നാളെ തല പോയാലും ഈ രണ്ടിനേയും തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുൽ പറഞ്ഞു. തിരുവനന്തപുരം ഡിസിസി നൽകിയ സ്വീകരണ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ-
”പൊതുപ്രവർത്തനം തുടങ്ങുമ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും ഒരു എംഎൽഎ ആകാം എന്നൊന്നും വിചാരിച്ചിട്ടില്ല. ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ലാത്ത കോൺഗ്രസ് കുടുംബത്തിൽ നിന്ന് വന്നതാണ് ഞാൻ. അന്ന് നാട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്ന മേൽവിലാസമൊന്നുമില്ല. രാജേന്ദ്രന്റെ മകനായിരുന്നു ആദ്യം. പിന്നീട് മരിച്ചു പോയ രാജേന്ദ്രന്റെ മകനായി. അങ്ങനെയുള്ള മേൽവിലാസത്തിൽ തുടങ്ങി ഇന്ന് പാലക്കാടിന്റെ എംഎൽഎ എന്ന മേൽവിലാസം തന്നത് കോൺഗ്രസ് പ്രസ്ഥാനമാണ്. ഈ മുന്നണിയാണ്. നാളെ തല പോയാലും ഈ രണ്ടിനേയും തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടാകില്ല. ”
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് ജയിച്ച രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ നിന്ന് വിജയിച്ച യു.ആർ.പ്രദീപും സ്പീക്കർ എ.എൻ.ഷംസീറിന് മുമ്പാകെ എം.എൽ.എമാരായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ പ്രദീപ് സഗൗരവവും രാഹുൽ ദൈവനാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, പി.പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ.കെ.ശശീന്ദ്രൻ, കെ.രാജൻ, കെ.ബി.ഗണേശ് കുമാർ, എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചീഫ് വിപ്പ് എൻ.ജയരാജ്, എം.പിമാരായ ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മുൻസ്പീക്കർ വി.എം.സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.
Source link