‘മിക്കതും റീമേക്കുകളാണ്, പ്രേംകുമാറിന്റെ പ്രസ്താവന വാസ്തവവിരുദ്ധം; ഏത് സീരിയലാണ് വിഷം വമിപ്പിക്കുന്നതെന്ന് പറയണം’
സീരിയലുകളിലെ ‘എൻഡോസൾഫാൻ’ പരാമർശം ഉന്നയിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാറിനെതിരെ സീരിയൽ നടൻ സാജൻ സൂര്യ. പരാമർശത്തിൽ സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മ പ്രതികരിച്ചതിന് പിന്നാലെയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാതെയാണ് പ്രേംകുമാർ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നതെന്നും സാജൻ സൂര്യ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
‘പ്രേംകുമാറും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ചില സീരിയലുകൾ എൻഡോസൾഫാനെപോലെ മാരകമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത് പൊതുസമൂഹത്തിൽ കൃത്യമായി എത്തിയിട്ടില്ല. ഏത് സീരിയലാണ് വിഷം വമിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ സ്ഥാനത്തിരുന്ന് കൊണ്ട് ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇപ്പോൾ പ്രേംകുമാർ ആ അഭിപ്രായത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. അല്ലെങ്കിൽ ഇതൊരു വ്യവസായത്തെ ബാധിക്കുന്നതായി മാറും.
ആത്മയിലെ കലാകാരൻമാരെ ഇത് ഒരു രീതിയിലും ബാധിക്കില്ല. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് കലാകാരൻമാരല്ല. സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകളാണ്. അദ്ദേഹം ഒരു കാര്യവും പഠിക്കാതെയാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. ചാനലുകൾ കൊടുക്കുന്ന കണ്ടന്റ് അനുസരിച്ചാണ് സീരിയലുകൾ മുന്നോട്ട് പോകുന്നത്. അത് അദ്ദേഹത്തിന് അറിയില്ലായിരിക്കും. ഞാനഭിനയിക്കുന്ന ഗീതാഗോവിന്ദം എന്ന സീരിയലും മാളികപ്പുറം എന്ന സീരിയലും മാത്രമാണ് ആ ചാനലിൽ റീമേക്കിലാതെ ചെയ്യുന്നത്.പല മുൻനിര ചാനലുകളിലെ ചില സീരിയലുകൾ ഒഴിച്ച് എല്ലാ സീരിയലുകളും റീമേക്കുകളാണ്. അത് ചാനലുകളാണ് തരുന്നത്. അപ്പോൾ അവരാണ് പ്രതികരിക്കേണ്ടത്.
ആത്മ ഇതിന്റെ ഭാഗത്ത് നിന്ന് പ്രതികരിച്ചിട്ടുണ്ട്. ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാൻ ഒരു ലക്ഷം രൂപയാണ് സീരിയലുകൾക്ക് നൽകുന്നത്. അതിനായി ജോലി ചെയ്യുന്നത് അമ്പതിൽപരം ആളുകളാണ്. നല്ല ഭക്ഷണം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. നമ്മുടെ കേരളത്തിൽ മാത്രമാണ് ഒരു വ്യവസായം നിർത്തണമെന്ന് ആളുകൾ പറയുന്നുളളൂ. സർക്കാരിന് ലാഭമല്ലാതെ ഇത് നടക്കുമോ?’- സാജൻ സൂര്യ ചോദിച്ചു.
Source link