KERALAM

യു ആർ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം എൽ എമാരായി സത്യപ്രതിജ്ഞ ചെയ്തു: ദൈവനാമത്തിൽ രാഹുൽ, സഗൗരവം പ്രദീപ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ വിജയിച്ച യു ആർ പ്രദീപും പാലക്കാട്ട് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 12മണിക്ക് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലായിരുന്നു ചടങ്ങ്. യുആർ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിൽ സത്യവാചകം ചൊല്ലി. സ്പീക്കർ എ എൻ ഷംസീർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമേ മന്ത്രിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു.

ആദ്യമായാണാണ് രാഹുൽ എംഎൽഎയാകുന്നത്. രണ്ടാം തവണയാണ് യുആർ പ്രദീപ് നിയമസഭയിലെത്തുന്നത്. 18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. കഴി‌ഞ്ഞ തവണ മണ്ഡലത്തിൽ ഷാഫി പറമ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷം രാഹുൽ നേടി. 58,244 വോട്ടാണ് രാഹുലിന് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 39,529 വോട്ടും, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിന് 37,348 വോട്ടുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ എൽ ഡി എഫിന് സാധിച്ചിരുന്നു.

12,122 വോട്ടിനാണ് പ്രദീപ് ചേലക്കര മണ്ഡലം പിടിച്ചത്.ചേലക്കരയിൽ എൽ ഡി എഫിന് 64,877 വോട്ടും യു ഡി എഫിന് 52,626 വോട്ടും ബി ജെ പിക്ക് 33,609 വോട്ടുമാണ് നേടിയത്.


Source link

Related Articles

Back to top button