KERALAMLATEST NEWS

സങ്കടക്കടലായി മുഹമ്മദിന്റെ ജന്മനാട്

പഴയങ്ങാടി (കണ്ണൂർ): ആലപ്പുഴ കളർകോടിൽ ഉണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ മെഡിക്കൽ വിദ്യാർത്ഥി മുഹമ്മദ് അബ്ദുൽ ജബ്ബാറിന് (20) നാട് കണ്ണീരോടെ വിട നൽകി. ഒന്നിച്ചുപിറന്നുവീണവൻ ആകസ്മികമായ അപകടത്തിൽ വിട്ടുപോയതറിഞ്ഞ് മനസ് തക‌ർന്ന അവസ്ഥയിലാണ് ഇരട്ടസഹോദരൻ മിഷാൽ. ഇന്നലെ രാത്രിയോടെ വീട്ടിലെത്തിച്ച മുഹമ്മദിന്റെ മൃതദേഹം പൊതുദർശനത്തിനു ശേഷം മാട്ടൂൽ നോർത്ത് വേദാമ്പ്രം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

പിതാവ് അബ്ദുൾ ജബ്ബാറിനൊപ്പം സൗദിയിൽ താമസിച്ചിരുന്ന മുഹമ്മദ് പത്താംക്ളാസുവരെ പഠിച്ചത് അവിടെയായിരുന്നു. പഴയങ്ങാടി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ളസ്ടുവിന് ശേഷം നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ 876 റാങ്ക് നേടിയാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എം.ബി.ബി.എസിന് ചേർന്നത്.

മാതാവ് എസ്.എൽ.പി ഫാസിലയുടെ സ്വദേശമായ മാടായി മുട്ടത്ത് നിന്ന് പിതാവിന്റെ സ്വദേശമായ മാട്ടൂലിൽ പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് കുടുംബം താമാസം മാറ്റിയത് രണ്ടരമാസം മുമ്പായിരുന്നു. മകന് സംഭവിച്ച ദുരന്തമറിഞ്ഞ് സൗദിയിൽ നിന്ന് നാട്ടിലെത്തിയ പിതാവും ഇരട്ട സഹോദരൻ എൻജിനിയറിംഗ് വിദ്യാർത്ഥിയായ മിഷാൽ അടക്കമുള്ള ബന്ധുക്കളും ആലപ്പുഴയിലെത്തിയിരുന്നു. മിൻഹ, മുഹീസ് റഹ്മാൻ എന്നിവരാണ് മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെ മറ്റു സഹോദരങ്ങൾ.


Source link

Related Articles

Back to top button