ട്രംപ് ‘ചാര്‍ജെടുത്തു!’, ബന്ദികളെ കൈമാറിയില്ലെങ്കില്‍ തുലച്ചു കളയുമെന്ന് ഹമാസിന് ഭീഷണി
ഡെമോക്രാറ്റുകളെ നിലംപരിശാക്കിയ ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ ഇനിയും ഒന്നരമാസം ബാക്കിയുണ്ട്. ജനുവരി 20-നാണ് അമേരിക്കന്‍ പ്രസിഡന്റുമാർ അധികാരമേല്‍ക്കുക. പക്ഷേ, അദ്ദേഹം തിരഞ്ഞെടുപ്പു ജയിച്ചപ്പോള്‍ തന്നെ ലോകം മാറിത്തുടങ്ങി. യുക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിക്ക് മുമ്പെങ്ങുമില്ലാതിരുന്ന യാഥാര്‍ത്ഥ്യബോധം കൈവന്നിരിക്കുന്നു. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ മോചിപ്പിക്കാനുള്ള സൈനിക ശക്തി തങ്ങള്‍ക്കില്ലെന്നും നയതന്ത്രപരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞയാഴ്ച ലെബനനിലുണ്ടായ വെടിനിര്‍ത്തലും അതിനെ ഇറാന്‍ പിന്തുണച്ചതും മെക്‌സിക്കൻ പ്രസിഡന്റ് അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ നടപടിയെടുക്കും എന്ന് പ്രഖ്യാപിച്ചതുമൊക്കെ അതിന്റെ പ്രതിഫലനങ്ങളാണ്.ഇപ്പോഴിതാ, ട്രംപ് ആ ഘട്ടവും പിന്നിടുകയാണ്. ജനുവരി 20-നു മുമ്പ് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ ഇതുവരെ ലോകം കണ്ടിട്ടില്ലാത്തത്രയും കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അദ്ദേഹം ഹമാസിന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നു! ‘അമേരിക്കയുടെ പ്രസിഡണ്ടായി ഞാന്‍ അഭിമാനത്തോടെ സ്ഥാനമേല്‍ക്കുന്ന ജനുവരി 20-ന് മുമ്പ് ബന്ദികളെ മോചിപ്പിച്ചിട്ടില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ വലിയ വില കൊടുക്കേണ്ടി വരും, മനുഷ്യരാശിക്ക് എതിരായ ഈ കുറ്റകൃത്യങ്ങള്‍ക്ക് ചുമതല വഹിച്ചവര്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന് ഇതിനാല്‍ അറിയിക്കുന്നു’ എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. ഈ വിഷയത്തില്‍ മുമ്പു നടന്ന എല്ലാ മധ്യസ്ഥ ചര്‍ച്ചകളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ബന്ദികളെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ട്. പക്ഷേ എല്ലാം വെറും വാചകമാണ്, ഒരു നടപടിയും ഇല്ല. ഇതുവരെയുള്ള ചരിത്രത്തില്‍ അമേരിക്ക ഏതെങ്കിലും വിദേശശക്തികള്‍ക്കെതിരെ നടത്തിയതിനേക്കാള്‍ ഏറ്റവും കടുത്ത നടപടി ആയിരിക്കും ഉണ്ടാവുക. ബന്ദികളെ ഉടന്‍ മോചിപ്പിക്കുക- പോസ്റ്റ് തുടരുന്നു.
Source link