‘വാടകയ്ക്ക് കൊടുത്തതല്ല, സിനിമയ്ക്ക് പോയിവരാമെന്ന് പറഞ്ഞാണ് കാർ എടുത്തുകൊണ്ടുപോയത്’; ഉടമ
ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ കാർ അമ്പലപ്പുഴ കക്കാഴം സ്വദേശി ഷമിൽ ഖാന്റേതാണ്. കാർ വാടകയ്ക്ക് കൊടുക്കുന്നയാളാണ് ഉടമ. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനൽകിയതെന്ന് ഷമിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാറാണ് കാറിനായി ബന്ധപ്പെട്ടത്. ജബ്ബാറും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്നാണ് കാർ കൊണ്ടുപോയതെന്നും ഷമിൽ ഖാൻ പറഞ്ഞു.
‘സിനിമയ്ക്ക് പോയിവരാമെന്ന് പറഞ്ഞാണ് കാർ എടുത്തുകൊണ്ടുപോയത്. വാടകയ്ക്ക് കൊടുത്തതല്ല. സുഹൃത്തായതിന്റെ പേരിൽ സിനിമയ്ക്ക് പോവാൻ കൊടുത്തുവിട്ടതാണ്. മുഹമ്മദ് ജബ്ബാറിനെയാണ് പരിചയം. ജബ്ബാറിന്റെ ചേട്ടൻ മിഷാൽ തിരുവനന്തപുരത്ത് എൻജിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുള്ളിയുമായി പരിചയമുണ്ട്. പാവം വിളിച്ചു. ‘കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും ‘ എന്ന് പറഞ്ഞു.
അങ്ങനെ കൊടുത്തുവിട്ടതാണ്. ഏഴര കഴിഞ്ഞാണ് കൊണ്ടുപോയത്. രാത്രി 10 മണിക്കാണ് അപകടവിവരം അറിഞ്ഞത്. ഒന്ന് സഹായിച്ചതാണ്. അതിങ്ങനെ ആവുമെന്ന് ആരും കരുതിയില്ല. ഇത് അറിഞ്ഞപ്പോൾ മുതൽ ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങാൻ പറ്റും. പിള്ളേരായിട്ട് ചോദിച്ചപ്പോൾ എങ്ങനെ കൊടുക്കാതിരിക്കും എന്ന് ഓർത്തുകൊടുത്തുപോയതാണ്. ചുരുങ്ങിയ ദിവസമാണെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു. അതാണ് കൊടുത്തുവിട്ടത്. അവന്റെ മുഖം ഇപ്പോഴും മനസിൽ മറയാതെ നിൽകുകയാണ്’,- ഷമിൽ പറഞ്ഞു.
ഇന്നലെ രാത്രി 9.30 ഓടെ കളർകോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം ഉണ്ടായത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
Source link