KERALAMLATEST NEWS

ആത്മകഥാ വിവാദം; നടപടി ആസൂത്രിതം, പാർട്ടിക്കകത്തും പുറത്തും ആക്രമിക്കുന്നുവെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഡി സി ബുക്‌സിനെതിരെ കടുത്ത വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. ഒരു കരാറും ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും കൊടുത്തിട്ടില്ലെന്നും ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

‘സാധാരണ പ്രസാദകർ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. എന്നാലിവിടെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രസാദന കരാർ നൽകിയിരുന്നില്ല. എഴുതികൊണ്ടിരിക്കെ ഡി സി പ്രസാദനം പ്രഖ്യാപിച്ചു. ഞാൻ എഴുതികൊണ്ടിരിക്കുന്ന പുസ്‌തകത്തിന്റെ പ്രകാശനം ഡിസി ബുക്‌സിന്റെ ഫേസ്‌ബുക്ക് പേജിൽ വന്നു. ഞാൻ അറിയാതെ എങ്ങനെയാണ് വന്നത്. ഇത് ബോധപൂർവ്വമായ നടപടിയാണ്. പിഡിഎഫ് രൂപത്തിലാണ് വാട്‌സാപ്പിൽ കൊടുത്തത്. സാധാരണ ഗതിയിൽ ഒരു പ്രസാദകർ ചെയ്യാൻ പാടില്ലാത്തതാണിത്. വാട്‌സാപ്പിലൂടെ വന്നുകഴിഞ്ഞാൽ വിൽപന കുറയില്ലേ? തികച്ചും ആസൂത്രിതമായ പ്രവർത്തനമാണിത്.

തിരഞ്ഞെടുപ്പ് ദിവസമാണ് രാവിലെതന്നെ ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്. വാർത്ത ദേശീയ മാദ്ധ്യമത്തിലാണ് ആദ്യം വന്നത്. ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ട്. ഈ ദേശീയമാദ്ധ്യം എന്ത് അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തത്? ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് ജാവദേക്കറെ കണ്ട് ഇ പി ജയരാജൻ ഗുഢാലോചന നടത്തിയെന്ന വാർത്ത വന്നത്. 2003ന്റെ തുടക്കത്തിലാണ് ജാവദേക്കർ പോകുന്ന വഴിക്ക് എന്നെ പരിചയപ്പെടാനായി ഞാനുള്ള സ്ഥലത്തേയ്ക്ക് വന്നത്. എല്ലാ രാഷ്ട്രീക്കാരെയും കാണാറുണ്ടെന്ന് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെയും വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കണ്ടുവെന്ന് പറഞ്ഞു. അഞ്ചുമിനിട്ടിനുള്ളിൽ പിരിയുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്താൻ അന്ന് ബോധപൂ‌ർവ്വം വാർത്ത വന്നു. എന്നെ പാർട്ടിക്കകത്തും പുറത്തും ആക്രമിക്കുകയാണ്. അതിന്റെ ആവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

പുസ്‌തക പ്രകാശനവുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. പൂർത്തിയായിട്ടില്ല എന്നാണ് ഞാൻ അറിയിച്ചത്. അങ്ങനെയുള്ള പുസ്‌തകം എന്ത് അടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി പാർട്ടിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം’- ഇ പി ജയരാജൻ വ്യക്തമാക്കി.


Source link

Related Articles

Back to top button