അവധി ദിനത്തിൽ ജോലിക്കെത്തണമെന്ന് മാനേജർ, പിന്നാലെ ജീവനക്കാരിക്ക് എട്ട് കോടിയുടെ ഭാഗ്യം: ഇതാണ് ബമ്പർ ലോട്ടറി
കാലിഫോർണിയ: ഭാഗ്യം എപ്പോൾ വേണമെങ്കിലും നമ്മളെ തേടിവന്നേക്കാം. പലരുടെയും ജീവിതമെടുത്ത് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാണ്. ഇപ്പോഴിതാ അങ്ങനെ ഒരു സംഭവത്തെക്കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവധി ദിനത്തിൽ ജോലിക്ക് വന്ന് ജീവിതത്തിൽ വലിയൊരു ഭാഗ്യം തേടിയെത്തിയ വാൾമാർട്ട് ജീവനക്കാരി റെബേക്ക ഗോൺസാലസിനെക്കുറിച്ചാണ് പറയുന്നത്. അവധി ദിനത്തിൽ ജോലിക്ക് കയറേണ്ടി വന്നതിന് പിന്നാലെ ഒരു മില്യൺ ഡോളറിന്റെ (8,47,02,800 ഇന്ത്യൻ രൂപ) ജാക്ക്‌പോട്ട് അടിച്ചിരിക്കുകയാണ് റബേക്കയ്ക്ക്.
വാൾമാർട്ട് ജീവനക്കാരിയായ റെബേക്ക ഗോൺസാലസിനെ ഒരു സഹപ്രവർത്തകന്റെ ഒഴിവ് നികത്താൻ മൂന്ന് മണിക്കൂർ നേരത്തെ ഡ്യൂട്ടിക്കാണ് വിളിച്ചത്. അവധി ദിനമായതിനാൽ കുടുംബത്തോടൊപ്പം ഒരു ബാർബിക്യൂ ഡിന്നർ റബേക്ക പ്ലാൻ ചെയ്തിരുന്നു. എന്നാൽ അതൊക്കെ ഒഴിവാക്കി ജോലിക്ക് പോകാൻ റെബേക്ക തീരുമാനിച്ചു. ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടവേളയ്ക്കിടെ കാലിഫോർണിയ ലോട്ടറി ടിക്കറ്റ് വാങ്ങാൻ റെബേക്ക തീരുമാനിച്ചു. എന്നാൽ ജോലിത്തിരക്ക് കാരണം അവർക്ക് അതിന് കഴിഞ്ഞില്ല.
എന്നാൽ ജോലി ഷിഫ്റ്റ് കഴിഞ്ഞതോടെ പത്ത് ഡോളറിന്റെ സിംഗിൾ ഡബിൾ ട്രിപ്പിൾ ഗെയിം സ്‌ക്രാച്ച് ടിക്കറ്റെടുത്തു. ഇത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് റെബേക്ക ഒരിക്കൽ പോലും കരുതിയില്ല. ലോട്ടറി ഫലം വന്നപ്പോൾ ഒരു മില്യൺ ഡോളറാണ് റബേക്കയ്ക്ക് ജാക്ക്‌പോട്ടായി ലഭിച്ചത്. സ്ഥിരമായി ജാക്ക്‌പോട്ട് എടുക്കുന്ന റബേക്കയ്ക്ക് ഇതുവരെ 50 ഡോളർ മാത്രമാണ് സമ്മാനമായി ലഭിച്ചത്. തന്നെ ഭാഗ്യം തേടിയെത്തിയതോടെ റെബേക്ക ആദ്യം വിളിച്ചത് സ്ഥാപനത്തിലെ മാനേജരെയായിരുന്നു. അദ്ദേഹമായിരുന്നു അവധി ദിനത്തിൽ റെബേക്കയോട് ജോലിക്ക് കയറാൻ ആവശ്യപ്പെട്ടത്.
തന്നെ തേടിയെത്തിയ ഭാഗ്യം ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്ന് റെബേക്ക പറഞ്ഞു. തനിക്ക് കുറച്ച് കടങ്ങളുണ്ട്. തന്റെ ബാല്യകാലത്ത് കുടുംബം അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളും അവർ അനുഭവിച്ച ത്യാഗത്തെക്കുറിച്ചും റെബേക്ക തുറന്നുപറഞ്ഞു.
Source link