അവകാശങ്ങൾ നേടാൻ ഈഴവർ സംഘടിതശക്തിയാകണം: തുഷാർ
മൈസൂരു: ജാതിചിന്ത ഏറ്റവും വർദ്ധിച്ചുനിൽക്കുന്ന കാലഘട്ടമാണിതെന്നും ജനസംഖ്യാനുപാതികമായി അവകാശങ്ങൾ നേടിയെടുക്കാൻ ഈഴവർ ഒന്നാകണമെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
യോഗം നേതൃത്വത്തിന്റെ കീഴിൽ മൈസൂർ ഡോ. പൽപ്പു നഗറിൽ (ഹോട്ടൽ റിയോ മെറിഡിയൻ) നടന്ന ത്രിദിന നേതൃത്വ ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനിച്ച മണ്ണിൽ ജനസംഖ്യാനുപാതികമായ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക, തൊഴിൽനീതിക്കുവേണ്ടി ഇന്നും നമ്മൾ പോരാടുകയാണ്. അധികാരം കൈപ്പിടിയിലൊതുക്കിയവർ സ്വന്തം ജാതി, മത താത്പര്യങ്ങൾ മാത്രമാണ് സംരക്ഷിച്ചത്. എസ്.എൻ.ഡി.പി യോഗം നേതാക്കൾ ജാതി പറയുന്നത് സാമൂഹ്യനീതിക്ക് വേണ്ടിയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ജാതിസംവരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമ്പത്തികസംവരണം അതിന്റെ തെളിവാണ്. ആർ. ശങ്കറിന്റെ ഭരണകാലത്തിനുശേഷം ഈഴവ സമുദായത്തിന് അർഹമായ വിദ്യാലയങ്ങൾ ഒന്നും ലഭിച്ചില്ല. ന്യൂനപക്ഷ മന്ത്രിമാർ സ്വസമുദായത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങൾ വാരിക്കോരി കൊടുത്തു. ജാതിയുടെ പേരിൽത്തന്നെയാണ് സ്വന്തം പാർട്ടിക്കാർ ശങ്കറെ അധികാരത്തിൽനിന്ന് പുറത്താക്കിയത്. പുതിയ പ്രീണന രാഷ്ട്രീയവ്യവസ്ഥയിൽ ‘നായാടി മുതൽ നസ്രാണി” വരെയുള്ളവർ ഒന്നിച്ചുനിന്ന് സമരമുഖം തുറക്കേണ്ടതായിരിക്കുന്നു എന്ന ക്യാമ്പ് തീരുമാനം പ്രവൃത്തിപഥത്തിൽ എത്തിക്കാൻ വരും ദിവസങ്ങളിൽ ഓരോയൂണിയൻ ഭാരവാഹികളും തയ്യാറാകണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Source link