കേരള മെഡിക്കൽ പി.ജി: അലോട്ട്‌മെന്റ് ലഭിച്ചവർ നാലിനകം റിപ്പോർട്ട് ചെയ്യണം
സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ 2024 ലെ പി.ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ആദ്യ റൗണ്ട് അലോട്ട്‌മെന്റ് ലഭിച്ചവർ www.cee.kerala.gov.in- ൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്‌തെടുക്കണം. കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ഡി, എം.എസ് സീറ്റുകളിലേക്കാണ് പ്രവേശനം. അലോട്ട്‌മെന്റ് ലഭിച്ചവർ നാലിന് വൈകിട്ട് നാലുമണിക്കകം ആവശ്യമായ ഫീസടച്ച് കോളേജിൽ റിപ്പോർട്ട് ചെയ്യണം. നിശ്ചിത സമയത്തിനകം റിപ്പോർട്ട് ചെയ്യാത്തവർക്ക് ലഭിച്ച അലോട്ട്‌മെന്റും വരാനിരിക്കുന്ന ഓപ്ഷനുകളും നഷ്ടപ്പെടും. ആദ്യ റൗണ്ടിൽ പ്രവേശനം നേടി സീറ്റ് റദ്ദാക്കുന്നവരെയും രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കുകയില്ല. കേരളത്തിൽ 2024ൽ വിദ്യാർത്ഥികളുടെ ആദ്യ അഞ്ച് ചോയ്‌സ് റേഡിയോ ഡയഗ്‌നോസിസ്, ജനറൽ മെഡിസിൻ, ഡെർമറ്റോളജി, പീഡിയാട്രിക്‌സ്, റെസ്പിരേറ്ററി മെഡിസിൻ എന്നിവയാണ്.
രണ്ടാം റൗണ്ട് ചോയ്‌സ് ഫില്ലിംഗ് നാലു മുതൽ
മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ രണ്ടാം റൗണ്ട് ചോയ്‌സ് ഫില്ലിംഗ് നാലിനാരംഭിക്കും. ആദ്യ റൗണ്ടിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് പുതുതായി രജിസ്റ്റർ ചെയ്യാം. ഓരോ തവണയും താല്പര്യത്തിനനുസരിച്ച് ചോയ്‌സ് ഫില്ലിംഗ് നടത്താം. ഡീംഡ് യൂണിവേഴ്‌സിറ്റികളിലേക്കും അഖിലേന്ത്യ ക്വോട്ടയിലേക്കും പ്രത്യേക രജിസ്‌ട്രേഷൻ ഫീസും തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുമുണ്ട്.
നാലു റൗണ്ട് കൗൺസിലിംഗ് പ്രക്രിയയുണ്ട്. നാലാം റൗണ്ട് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌ട്രെ റൗണ്ടും, മൂന്നാം റൗണ്ട് മോപ്പ് അപ് റൗണ്ടുമാണ്. www.mcc.nic.in.
കർണാടകയിലെ സ്വകാര്യ, സർക്കാർ മെഡിക്കൽ കോളേജുകളിലേക്കുള്ള ഓപ്ഷൻ പ്രക്രിയ കർണ്ണാടക എക്‌സാമിനേഷൻസ് അതോറിറ്റി (K.E.A) വഴിയാണ്. ആദ്യ റൗണ്ടിൽ സീറ്റ് ലഭിച്ചവർ നാലിനകം കർണാടകയിലെ മെഡിക്കൽ കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. www.cetonline.karnataka.gov.in.
Source link