KERALAMLATEST NEWS

പുറത്തിറങ്ങിയത്‌ 34 വർഷത്തെ ജയിൽവാസത്തിനു ശേഷം മാനസാന്തരപ്പെട്ട്, ആത്മകഥയും ചർച്ചയായി; സിദ്ദിഖ് വീണ്ടും അഴിക്കുള്ളിൽ

കണ്ണൂർ: ജയിലിൽ നല്ല പാഠങ്ങൾ പഠിച്ച് നല്ല പിള്ളയായി പുറത്തിറങ്ങിയ സിദ്ദിഖ് സ്വന്തം പണി മറന്നില്ല. കണ്ണൂർ തളാപ്പിലെ സി.എസ്.ഐ പള്ളിയിൽ നടത്തിയ മോഷണത്തിൽ പിടിയിലായ സിദ്ദിഖ് വീണ്ടും കണ്ണൂർ ജയിലിലായി.

ജയിലിൽ നിന്നു പഠിച്ച പാചകവിദ്യയും എഴുത്തുകാരനെന്ന മേൽവിലാസവും ഇയാൾക്ക് വെളിച്ചം പകർന്നില്ല. 34 വർഷം നീണ്ട ജയിൽവാസത്തിനു ശേഷം മാനസാന്തരപ്പെട്ട് എട്ടുമാസം മുൻപ് പുറത്തിറങ്ങിയ ഈ അറുപതുകാരൻ കഴിഞ്ഞ ദിവസമാണ് വീണ്ടും ജയിലിലായത്.

തലശ്ശേരി തിരുവങ്ങാട് ജൂബിലി റോഡിൽ അരയാംകൊല്ലം വീട്ടിൽ എ.കെ. സിദ്ദിഖ് ജയിലിൽ വച്ച് എഴുതി പ്രസിദ്ധീകരിച്ച ‘ഒരു കള്ളന്റെ ആത്മകഥ” ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ”ഇനി കള്ളനെന്ന് വിളിക്കരുത്” എന്ന് അഭ്യർത്ഥിച്ച ഇയാൾ കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും ജോലി ചെയ്തു ജീവിക്കുന്നതിനൊപ്പം പുസ്തകരചനയും തുടരുമെന്നായിരുന്നു ജയിൽ ഉദ്യോഗസ്ഥർക്കും മാദ്ധ്യമങ്ങൾക്കും നൽകിയ ഉറപ്പ്. ഒരു കള്ളൻ പറയുന്നതുകൊണ്ട് അവിശ്വസിക്കേണ്ടതില്ല എന്ന മുൻകൂർ ജാമ്യത്തോടെയായിരുന്നു സിദ്ദിഖിന്റെ എഴുത്ത്. പുതിയ ജീവിത സാഹചര്യമൊരുക്കാൻ ജയിൽ ജീവനക്കാർ പിന്തുണയും നൽകിയിരുന്നു.

ഒടുവിൽ ജയിലിൽനിന്നിറങ്ങിയ സിദ്ദിഖ് സെൻട്രൽ ജയിലിനു സമീപത്തു തന്നെയുള്ള റജിന സുരേഷിന്റെ വീട്ടിലെ 17,000 രൂപയോളം വിലവരുന്ന സൈക്കിൾ മോഷ്ടിച്ച് അതിൽ കറങ്ങിയായിരുന്നു പതിവുപണി തുടർന്നത്. മുൻപും ഓരോ തവണ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും വൈകാതെ മോഷണക്കേസിൽ അകത്താകുമായിരുന്നു.

തട്ടുകട തുടങ്ങിയില്ല

തട്ടുകട തുടങ്ങുമെന്നാണ് സിദ്ദിഖ് ജയിൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. ബേക്കറി പലഹാരം മുതൽ ചൈനീസ് വിഭവങ്ങൾ വരെ നൂറിലേറെ വിഭവങ്ങളുണ്ടാക്കാൻ സിദ്ദിഖ് പഠിച്ചിരുന്നു. സെൻട്രൽ ജയിലിലെ ലൈബ്രറികളിൽ എത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽനിന്ന് കുറിച്ചെടുത്ത പാചകവിദഗ്ദ്ധരുടെ 2000ലധികം പാചകക്കുറിപ്പുകൾ സിദ്ദിഖ് ആറ് നോട്ടുബുക്കുകളിലായി എഴുതി സൂക്ഷിച്ചിരുന്നു. ഫ്രീഡം ഫുഡ് നിർമ്മാണമായിരുന്നു ജയിലിലെ ജോലി. ട്രാക്ടർ, ടില്ലർ, ഗ്രാസ് കട്ടിംഗ് എന്നിവയിലും ജയിലിൽ വച്ച് പരിശീലനം നേടിയിരുന്നു.


Source link

Related Articles

Back to top button