കനത്ത മഴ തുടരുന്നു: ഒമ്പത് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ മുതൽ ചെന്നൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വ്യാപക മഴ തുടരുകയാണ്. വ്യാഴാഴ്‌ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയെന്നും ബുധനാഴ്‌ച വീണ്ടും ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നും ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവള്ളൂർ, തഞ്ചാവൂർ, മയിലാടുതുറൈ, പുതുച്ചേരി, കാരക്കൽ, ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുവാരൂർ, കടലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥ തുടർന്നുകൊണ്ടിരിക്കുന്ന ചെന്നൈ, തൂത്തുക്കുടി, മധുര മേഖലകളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ഇൻഡിഗോ മുന്നറിയിപ്പ് നൽകി. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, വില്ലുപുരം, കടലൂർ, തുടങ്ങി തമിഴ്‌നാട്ടിലെ പല ജില്ലകളിലും മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
ഇന്ന് മുതൽ 29 വരെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും ചെങ്കൽപേട്ടിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിലുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Source link