ചേലക്കരയിൽ കാറിൽ നിന്ന് 19.70 ലക്ഷം പിടികൂടി
ചെറുതുരുത്തി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജക മണ്ഡലത്തിൽപ്പെട്ട ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവന്ന 19.70 ലക്ഷം രൂപ പിടി കൂടി. വള്ളത്തോൾനഗർ കേരള കലാമണ്ഡലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് കുളപ്പുള്ളിയിൽ ചന്ദ്ര ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പ് നടത്തുന്ന കുളപ്പുള്ളി ചുള്ളിപ്പറമ്പ് വീട്ടിൽ ജയന്റെ കിയ കാറിൽ നിന്നും ഇലക്‌ഷൻ സ്‌ക്വാഡ് പണം പിടി കൂടിയത്. മകൻ ജയകൃഷ്ണൻ, ഡ്രൈവർ രാമചന്ദ്രൻ എന്നിവർ വാഹനത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കനറാബാങ്ക് കുളപ്പുള്ളി ശാഖയിൽ നിന്നും 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 19.70 ലക്ഷം രൂപയാണ് കണ്ടെത്തിയത്. തന്റെ വീട്ടുപണിക്ക് ആവശ്യമായ ടൈൽസ് അടക്കമുള്ള സാധനങ്ങൾ വാങ്ങുന്നതിന് പോകുകയാണെന്ന് ജയൻ അന്വേഷണസംഘത്തെ അറിയിച്ചു. ബാക്കി 5.3 ലക്ഷം എന്തു ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കാറിന് പിന്നിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.
കെ. അർജുന്റെ നേതൃത്വത്തിലുള്ള ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഡെപ്യൂട്ടി കളക്ടർ എൻ. ബാലസുബ്രഹ്മണ്യൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തളിക്കുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ റെജി കുമാറിന്റെ നേതൃത്വത്തിലുള്ള ഇലക്‌ഷൻ സ്‌ക്വാഡായ സ്റ്റേറ്റ് സർവയലൻസ് ടീമാണ് പണം പിടികൂടിയത്.
സി.സി. ജയന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം പിടിച്ചെടുത്തു
ചേലക്കരയിലെ ചെറുതുരുത്തിയിൽ കാറിൽ നിന്ന് 19.70 ലക്ഷം രൂപ കണ്ടെത്തിയതിന് പിന്നാലെ കുളപ്പുള്ളി സ്വദേശി സി.സി.ജയന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഇന്നലെ റെയ്ഡ് നടത്തി. പരിശോധനയിൽ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു. രണ്ടിടത്തുനിന്നായി 24.70 ലക്ഷം രൂപ സി.സി. ജയനിൽ നിന്ന് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നിരീക്ഷകരും, ആദായ നികുതി വകുപ്പും പൊലീസും ചേർന്ന് വൈകിട്ട് തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. കുളപ്പുള്ളിയിലെ വർക്ക്ഷോപ്പുടമയും ഓട്ടോമൊബൈൽസ് വർക്ക്ഷോപ്പ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറിയുമാണ് സി.സി. ജയൻ. പണം ബാങ്കിൽ നിന്ന് പിൻവലിച്ചതാണെന്നും, വീടുപണിയുടെ ആവശ്യാർത്ഥം എടുത്തതാണെന്നുമാണ് സി.സി.ജയൻ ആദായ നികുതി വകുപ്പിന് നൽകിയ മൊഴി. ഇതേത്തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്.
Source link