KERALAM

വീടുവിട്ടത് അമ്മയുടെ ഉപദ്രവം കൊണ്ടെന്ന് മൊഴി; കരുനാഗപ്പള്ളിയിൽ യുവതിയെ കാണാതായ സംഭവത്തിൽ കേസെടുത്തു

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ ഷീജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് വീട്ടിൽ നിന്നിറങ്ങിപ്പോയതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൗൺസിലിംഗിന് ശേഷം യുവതിയെ കുടുംബത്തിനൊപ്പം വിട്ടിരുന്നു.

കഴിഞ്ഞ 18ന് രാവിലെയാണ് ആലപ്പാട് കുഴിത്തുറ മരക്കാശേരി വീട്ടിൽ അനിൽ-ഷീജ ദമ്പതികളുടെ മകൾ ഐശ്വര്യ അനിലിനെ (20) കാണാതായത്. അന്ന് വൈകിട്ടാണ് ഐശ്വര്യ ധ്യാനകേന്ദ്രത്തിൽ എത്തിയത്. കരുനാഗപ്പള്ളിയിൽ നിന്ന് തൃശൂരിലേക്ക് ട്രെയിനിലും അവിടെ നിന്ന് ബസിലുമായിരുന്നു യാത്ര .

സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ ഓൺലൈൻ പഠനം നടത്തുകയായിരുന്നു ഐശ്വര്യ. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി, കാണാതാകുന്നതിന് തലേന്ന് രാത്രി ഷീജ വഴക്ക് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 9.30ന് ഷീജ ചവറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയി. 10.30 ഓടെ ഐശ്വര്യയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് സമീപവാസിയെ വിളിക്കുമ്പോഴാണ് കാണാതായ വിവരം അറിയുന്നത്.

താൻ പോകുന്നുവെന്നും ആത്മഹത്യ ചെയ്യില്ലെന്നും കുറിപ്പ് എഴുതിവച്ചിരുന്നു. മൊബൈൽ ഫോണും ടാബും കൈയിൽ കരുതിയിരുന്നു. എന്നാൽ രാവിലെ 11 ഓടെ ഫോൺ സ്വിച്ച് ഓഫായി. വൈകിട്ടോടെ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. അന്നേ ദിവസം രാവിലെ യുവതി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിടെയാണ് യുവതിയെ കണ്ടെത്തിയത്.


Source link

Related Articles

Back to top button