വി.സിയായി രണ്ടാംവരവ്, സന്തോഷമുണ്ടെന്ന് സിസ
തിരുവനന്തപുരം: രണ്ടാംവട്ടം വൈസ്ചാൻസലറായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡിജിറ്റൽ സർവകലാശാല വി.സി പ്രൊഫ.സിസാ തോമസ് ‘കേരളകൗമുദി’യോട് പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ സിസയെ നേരത്തെ സാങ്കേതിക സർവകലാശാല വി.സിയായി ഗവർണർ നിയമിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിതാറോയിയെ താത്കാലിക വി.സിയാക്കാനുള്ള സർക്കാർ ശുപാർശ തള്ളിയായിരുന്നു ഇത്.
ഗവർണറെ അനുസരിച്ചതിനുള്ള ശിക്ഷയായി 2023മാർച്ചിൽ വിരമിച്ച് 20മാസമായിട്ടും പെൻഷനടക്കം സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. രേഖകൾ മോഷ്ടിച്ചെന്നാരോപിച്ച് കള്ളക്കസിന് ശ്രമിച്ചവർക്കും തിരിച്ചടിയാണ് ഡിജിറ്റൽ വി.സിയായുള്ള സിസയുടെ രണ്ടാംവരവ്.
മദ്രാസ്, ബോംബെ, ജമ്മു ഐ.ഐ.ടികൾ ഏറ്റെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ വൻകിട പദ്ധതികളുടെ കൺസൾട്ടന്റായി പ്രവർത്തിക്കുന്നതിനിടെയാണ് ഡിജിറ്റൽ വി.സിയായി ഗവർണർ നിയമിച്ചത്.
സാങ്കേതിക സർവകലാശാല രേഖകൾ മോഷ്ടിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് സിസാതോമസ് പറഞ്ഞു. വി.സിയായിരിക്കെ തന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയുണ്ടാക്കി. ഇക്കാര്യം ചാൻസലർക്ക് റിപ്പോർട്ട്ചെയ്തു. രേഖകളെല്ലാം യൂണിവേഴ്സിറ്റിയുടെ കമ്പ്യൂട്ടറിൽ തന്നെയുണ്ട്. രേഖകളുടെ കൈവശക്കാരൻ രജിസ്ട്രാറാണ്. ചട്ടപ്രകാരമാണ് ഗവർണർക്ക് റിപ്പോർട്ട് ചെയ്തത്. പ്രതികാര നടപടി പാടില്ലെന്ന് ഗവർണർ നിർദ്ദേശിച്ചിരുന്നുവെന്നും സിസ പറഞ്ഞു. എൻജിനിയറിംഗ് കോളേജുകളിൽ അദ്ധ്യാപികയായും പ്രിൻസിപ്പലായും സാങ്കേതികവിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറായും 32വർഷം പ്രവർത്തിച്ചിട്ടുണ്ട് സിസ.
‘പുരോഗതിയിലേക്ക് നയിക്കും’
കൂടുതൽ ഗവേഷണ, കൺസൾട്ടൻസി പ്രോജക്ടുകൾ ഏറ്റെടുത്ത് ഡിജിറ്റൽ സർവകലാശാലയ്ക്ക് ഫണ്ടുണ്ടാക്കുമെന്ന് സിസാതോമസ്. ഐ.ഐ.ടികളുമായടക്കം സഹകരണത്തിന് ശ്രമിക്കും. ഗവേഷണത്തിലടക്കം വിദേശസഹകരണം ഉറപ്പാക്കും. സർവകലാശാലയെ പുരോഗതിയിലേക്ക് നയിക്കും.
കരുത്തോടെ പൊരുതി
1.സാങ്കേതിക വി.സിയായിരിക്കെ, വടക്കൻജില്ലയിലേക്ക് സ്ഥലംമാറ്റാനൊരുങ്ങിയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് തന്നെ നിയമനം നൽകി. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സിസയെ ബലിയാടാക്കരുതെന്നും ഉത്തരവിട്ടു
2.സർക്കാരിന്റെ അനുമതിയില്ലാതെ വി.സിയായി ചുമതലയേറ്റത് ചട്ടലംഘനമാക്കി ഷോക്കോസും വിരമിക്കുന്നദിവസം കുറ്റാരോപണപത്രികയും നൽകിയെങ്കിലും നടപടികൾ ഹൈക്കോടതി റദ്ദാക്കി. വി.സി സ്ഥാനത്തുനിന്ന് അയോഗ്യയാക്കണമെന്ന ഹർജിയും തള്ളിയിരുന്നു.
”നിയമനം വലിയ അംഗീകാരമാണ്. ഒരുമയോടെ പ്രവർത്തിച്ച് സർവകലാശാലയെ മെച്ചപ്പെടുത്തും
-സിസാതോമസ്
Source link