വത്തിക്കാനിൽ ലോകമത പാർലമെന്റിന് ഇന്ന് തുടക്കം
ശിവഗിരി : ശ്രീനാരായണഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ നൂറുവർഷം മുമ്പ് സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ നടത്തുന്ന ത്രിദിന ലോകമത പാർലമെന്റിന് ഇന്ന് തുടക്കമാകും.
ശിവഗിരി മഠത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ ഇന്നലെ എത്തിച്ചേർന്നു. മതങ്ങളുടെ ഏകതയും സൗഹാർദ്ദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലോകമത പാർലമെന്റിന്റെ മുഖ്യ ലക്ഷ്യം. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ കർദ്ദിനാൾ ലസാറസ് യു ഹ്യൂങ്-സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാദർ ഇൻഡുനിൽ ജെ കൊടിത്തുവാക്കുകെ ഉദ്ഘാടന സന്ദേശം നല്കും. പാണക്കാട് സാദ്ദിഖ് അലി തങ്ങൾ, കർണാടക സ്പീക്കർ യു. ടി. ഖാദർ, ഫാ. ഡേവിഡ് ചിറമേൽ, രഞ്ജിത് സിംഗ് (പഞ്ചാബ്), ഡോ. എ. വി. ആനൂപ്, കെ. മുരളീധരൻ മുരള്യ, ഡോ. സി. കെ. രവി (ചെന്നൈ), ഗോപുനന്ദിലത്ത്, മണപ്പുറം നന്ദകുമാർ, ഫൈസൽഖാൻ തുടങ്ങിയവർ പ്രസംഗിക്കും. സ്വാമി സച്ചിദാനന്ദ തയ്യാറാക്കിയ സർവ്വമതസമ്മേളനം എന്ന ഇറ്റാലിയൻ പരിഭാഷയും ഗുരുവും ലോകസമാധാനവും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും പ്രകാശനം ചെയ്യും.
വത്തിക്കാൻ ലോകമത പാർലമെന്റ് ലോകസമാധാനത്തിന് വെളിച്ചം പകരുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 30 ന് നടക്കുന്ന സമ്മേളനത്തിലാകും മാർപാപ്പയുടെ ആശീർവാദം. സമ്മേളനത്തിൽ വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ സംബന്ധിക്കും. ഡിസംബർ ഒന്നിനുള്ള സമ്മേളനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും.
ഫോട്ടോ: ലോകമതപാർലമെന്റ് ലോഗോ
Source link