‘മാളികപ്പുറത്ത് തേങ്ങ ഉരുട്ടലും മഞ്ഞൾ വിതറലും ഭക്തർക്ക് അസൗകര്യമാകരുത്’; നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിന് ചുറ്റും മഞ്ഞൾ വിതറുന്നതും മറ്റ് ഭക്തർക്ക് അസൗകര്യമാകരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഫോട്ടോയെടുത്ത സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോഓർഡിനേറ്ററെ ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിന് ചുറ്റും മഞ്ഞൾ വിതറുന്നതും ആചാരത്തിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി, ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ശ്രീജിത്ത് നേരിട്ട് ഹാജരാകുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, നിലയ്ക്കലിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട ഡിപ്പോയിലെ രാജേഷ് കുമാർ, ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തു.
Source link