KERALAMLATEST NEWS

വത്തിക്കാനിൽ ത്രിദിന ലോകമത പാർലമെന്റിന് നാളെ തുടക്കം

#ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ശിവഗിരി : ശ്രീനാരായണഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ നൂറു വർഷം മുമ്പ് സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടത്തുന്ന ലോക മതപാർലമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ നടത്തുന്ന ലോക മതപാർലമെന്റ് ചരിത്ര സംഭവമാകുമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു

ചടങ്ങുകളിൽ സംബന്ധിക്കുന്ന പ്രതിനിധികൾ ഇന്ന് ശിവഗരി മഠത്തിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്ന് വത്തിക്കാനിലേക്ക് പുറപ്പെടും. എം.എൽ.എമാരായ ചാണ്ടിഉമ്മൻ, സനീഷ് കുമാർ, സജീവ് ജോസഫ്, പി.വി. ശ്രീനിജൻ, ഡോ. ഇനിഗോസ് ഇരുദയരാജ് (തിരുച്ചിറപ്പളളി) വൈദികരായ ഫാദർ കോശി ജോർജ് വരിഞ്ഞവിള, ഫാദർ തോമസ് കുര്യൻ മരോട്ടിപ്പറമ്പിൽ, ഫാദർ ഡേവിസ് ചിറമേൽ എന്നിവരും പങ്കെടുക്കും.

മാർപാപ്പ

ആശീർവദിക്കും

മതങ്ങളുടെ ഏകതയും സൗഹാർദ്ദവും സമത്വവും പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ആശീർവദിക്കും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ ഭാഷയിൽ മൊഴി മാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാവും. കർദ്ദിനാൾ മിഖ്വേൽ ആംഗൽഅയുസോ ക്വിസോട്ട പാർലമെന്റ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദ്ദിഖലി തങ്ങൾ, കർണാടക സ്പീക്കർ യു.ടി. ഖാദർ, ഫാ. ഡേവിഡ് ചിറമേൽ, രഞ്ജിത് സിംഗ് (പഞ്ചാബ്), ഡോ. എ. വി. അനൂപ് (മെഡിമിക്സ്), കെ. മുരളീധരൻ (മുരള്യ), ഡോ. സി. കെ. രവി (ചെന്നൈ), ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാർ, ഫൈസൽഖാൻ തുടങ്ങിയവർ പ്രസംഗിക്കും. സ്വാമി സച്ചിദാനന്ദ തയ്യാറാക്കിയ സർവ്വമത സമ്മേളനം ഇറ്റാലിയൻ പരിഭാഷയും ഗുരുവും ലോകസമാധാനവും ഇംഗ്ലീഷ് പതിപ്പും പ്രകാശനം ചെയ്യും. റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അദ്ധ്യക്ഷൻ ഫാ. മിഥിൻ. ജെ. ഫ്രാൻസിസ് മോഡറേറ്ററായിരിക്കും. ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം, ജൂത മതപ്രതിനിധികൾക്കു പുറമെ സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതഭംരാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സംഘാടക സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമിനി ആര്യാനന്ദാദേവി തുടങ്ങിയവർ പ്രസംഗിക്കും.
മത സമന്വയവും മത സൗഹാർദ്ദവും മുഖ്യഘടകമാക്കി 29ന് വൈകുന്നേരം സ്നേഹവിരുന്ന് നടക്കും. 30 നുള്ള സമ്മേളനത്തിലാകും മാർപാപ്പയുടെ ആശീർവാദം. വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ സംബന്ധിക്കും. ഡിസംബർ ഒന്നിന് നടക്കുന്ന സമ്മേളനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യ, ഇറ്റലി, ബഹ്റിൻ, ഇൻഡോനേഷ്യ, അയർലന്റ്, യു.എ.ഇ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചിൽപരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ എത്തിച്ചേരും. വൈദിക വൃത്തിയിൽ നിന്ന് നേരിട്ട് കർദ്ദിനാളാകാൻ ഭാഗ്യം സിദ്ധിച്ച മലയാളി ചങ്ങനാശ്ശേരി സ്വദേശി ജോർജ് ജേക്കബ് കൂവക്കാടിന്റെ നേതൃത്വത്തിൽ കെ.ജി. ബാബുരാജൻ ബഹറിൻ (ചെയർമാൻ), ചാണ്ടിഉമ്മൻ എം.എൽ.എ (ജനറൽ കൺവീനർ), സ്വാമി വീരേശ്വരാനന്ദ (സെക്രട്ടറി), ലത്തീഫ് (ഇറ്റലി), പ്രൊഫ. സബ്രീന ലത്തീഫ് (ഇറ്റലി), മെൽബിൻ (ഇറ്റലി) എന്നിവരാണ് നേതൃത്വം നൽകുന്നത്.


Source link

Related Articles

Back to top button