‘മുത്തപ്പന്റെ വഴിപാട് പയറും തേങ്ങാപൂളും മാത്രം, അരവണയുമായി ബന്ധമില്ല’; വാർത്തകളിൽ പ്രതികരിച്ച് പറശ്ശിനി മടപ്പുര
കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പനുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി പറശ്ശിനി മടപ്പുര. അരവണ പായസം മുത്തപ്പന്റെ പ്രസാദമാണെന്ന തരത്തിൽ വ്യാപാരികൾ വിൽക്കുന്നതിനെക്കുറിച്ചാണ് പറശ്ശിനി മടപ്പുര പ്രതികരിച്ചിരിക്കുന്നത്. അരവണ പായസത്തിന് പറശ്ശിനിക്കടവ് മുത്തപ്പനുമായി യാതൊരു ബന്ധവുമില്ലെന്നാണ് മടപ്പുര വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
മുത്തപ്പന്റെ പ്രസാദം തേങ്ങാപൂളും പയറും മാത്രമാണെന്നും അരവണ നൽകുന്നില്ലെന്നുമാണ് വാർത്താക്കുറിപ്പിലുള്ളത്. ഇതോടൊപ്പം തന്നെ പറശ്ശിനി മടപ്പുരയിലെ കോലധാരിയുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ പറ്റിയും വാർത്താക്കുറിപ്പിൽ വ്യക്തത നൽകിയിട്ടുണ്ട്.
പറശ്ശിനി മടപ്പുര പ്രതികരിച്ചത്
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട് നിലവിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു വാർത്തകളിൽ അരവണ പായസത്തെ ചൊല്ലിയുള്ള പരാമർശം ഭക്ത ജനങ്ങളിൽ തെറ്റിദ്ധാരണ വരുത്തിയിട്ടുണ്ട്. മുത്തപ്പന്റെ വഴിപാട് പ്രസാദമായി പയറും തേങ്ങാപൂളും മാത്രമാണ് നൽകി വരുന്നുത്. ” ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേരിൽ വ്യാപാരികൾ കച്ചവടം നടത്തുന്നതിൽ പറശ്ശിനി മടപ്പുരക്ക് യാതൊരുവിധ ബന്ധവും ഇല്ല. ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേര് നീക്കം ചെയുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പറശ്ശിനി മടപ്പുരയിലെ കോലധാരി മടപ്പുര മേൽ അധികാരിയുടെ (മടയൻ) അനുവാദമോ സമ്മതമോ കൂടാതെ സ്വാർത്ഥ താൽപ്പര്യത്തോടുകൂടി കോലം ധരിക്കാതെ ഭക്തന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തികളുടെ വീഡിയോ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആയതിൻ മേൽ മടപ്പുരയുടെ മേൽ അധികാരി കോലധാരിയുടെ പേരിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. മടപ്പുരയുടെ പേര് കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആചാരവിരുദ്ധ പ്രവർത്തനങ്ങളിൽ ഭക്തജനങ്ങൾ ജാഗ്രത പാലിക്കുക.
Source link