KERALAM

പരാജയങ്ങളിൽ എന്നും ബലിയാട്: കെ.സുരേന്ദ്രൻ

#മാറണോ,വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും

കോഴിക്കോട് .കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ പരാജയം ബി.ജെ.പിക്ക് പുത്തരിയല്ല. പക്ഷെ മുമ്പൊന്നും പാർട്ടി സംസ്ഥാന പ്രസിഡന്റിനെതിരെ ഒറ്റ തിരിഞ്ഞ് ആക്രമണം ഉണ്ടായിട്ടില്ല. പക്ഷെ കെ.സുരേന്ദ്രൻ പ്രസിഡന്റായശേഷം എവിടെ പരാജയമുണ്ടായാലും ഉത്തരവാദിത്വം സുരേന്ദ്രന്റെ തലയിൽ മാത്രമാകും. പാലക്കാട്ടെ ഉപതിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ.സുരേന്ദ്രൻ കേരളകൗമുദിയുമായി സംസാരിക്കുന്നു.

പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്വം..?

ഉപതെരഞ്ഞെടുപ്പുകളിൽ മാത്രമല്ല, ബി.ജെ.പി എന്നും പരാജയപ്പെടുന്ന പാർട്ടിയാണ് കേരളത്തിൽ. ഞാൻ പ്രസിഡന്റായ കാലത്താണ് തൃശൂരിൽ നിന്ന് സുരേഷ്‌ ഗോപി ലോക്സഭിലേക്ക് പോയത്. പക്ഷെ ,അന്ന് വിജയരഥം നയിച്ചതിന്റെ ക്രെഡിറ്റ് സുരേന്ദ്രന് കിട്ടിയില്ല. ഞാനതിൽ അവകാശം ഉന്നയിച്ചിട്ടുമില്ല. പക്ഷെ പരാജയങ്ങളുണ്ടാവുമ്പോൾ മാത്രം സുരേന്ദ്രൻ ബലിയാടാവുന്നു. ഞാനൊരു ടാർഗറ്റാണ്. പുറത്തുള്ളവർക്കും അകത്തുള്ളവർക്കും..

 രാജി വയ്ക്കുമോ..?

അങ്ങനെ രാജി വയ്ക്കുകയാണെങ്കിൽ ഇതിന് മുമ്പ് എത്ര ബി.ജെ.പി പ്രസിഡന്റുമാർ രാജി വയ്ക്കണം. വി.മുരളീധരൻ പ്രസിഡന്റായിരുന്നപ്പോൾ പിറവത്തെ തോൽവിയുടെ ആഴം എത്ര മാത്രമായിരുന്നു. നിങ്ങളാരെങ്കിലും അന്ന് രാജി ചോദിച്ചിരുന്നോ. ഇപ്പാൾ പാലക്കാട്ടെ തോൽവി വലിയ പ്രശ്‌നമാണ്. പാലക്കാട്ട് മാത്രമല്ല വയനാട്ടിലും ചേലക്കരയിലും പരാജയമാണ്. പക്ഷെ ചേലക്കരയിൽ 10,000വോട്ട് കൂടിയതിന്റെ ക്രെഡിറ്റ് ആർക്കാണ്. അതാരും പറയുന്നില്ല. എന്തായാലും ഈ തോൽവിയുടെ ഉത്തരവാദിത്വം ആരുടേയും മേൽ കെട്ടി വയ്ക്കാനില്ല. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. മാറണോ എന്നും, പ്രസിഡന്റെന്ന നിലയിൽ കാലാവധി തികയ്ക്കണോയെന്നും പാർട്ടി തീരുമാനിക്കും.

ശോഭാ സുരേന്ദ്രനും 18 കൗൺസിലർമാരും കാലു വാരിയെന്ന ആക്ഷേപം…?

അത്തരമൊരാക്ഷേപവും പാർട്ടി സംസ്ഥാന നേതൃത്വത്തിനില്ല. ശോഭാ സുരേന്ദ്രനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. അവർ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

 പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞത് സ്ഥാനാർത്ഥി നിർണയം പാളിയെന്നാണ്.?

അത്തരം ആരോപണങ്ങൾ പരിശോധിക്കും. പരസ്യ വിമർശനങ്ങളും ചർച്ച ചെയ്യും. പാലക്കാട്ടെ സ്ഥാനാർഥിയെ തീരുമാനിച്ചത് ഞാനല്ല. പാ ർട്ടി നിയോഗിച്ച കുമ്മനം രാജശേഖരൻ ചെയർമാനായ കമ്മറ്റിയാണ്. മൂന്നു പേരുകൾ വന്നു. അതിൽ രണ്ടുപേരും മാറിനിന്നു. മൂന്നാമത്തെ ആൾ കൃഷ്ണകുമാറായിരുന്നു. അദ്ദേഹവും അവസാനം വരെ വേണ്ടെന്നു പറഞ്ഞു. പാർട്ടി അദ്ദേഹത്തെ തീരുമാനിക്കുകയായിരുന്നു.

 മാറാൻ തയ്യാറാണെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചോ..?

നാലു ദിവസം കൊണ്ട് എല്ലാം വ്യക്തമാക്കും. ഞാനിതു വരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ല. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണ്.

സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് പരാജയത്തിന്റെ ആഴം കൂട്ടിയോ..?

അത്തരമൊരു വിലയിരുത്തൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കില്ല. കൊഴിഞ്ഞുപോകുന്നവരേക്കാൾ കൂടുതൽ ആളുകൾ ബി.ജെ.പിയിലേക്ക് വരുന്ന കാലമാണ്. എന്റെ കാലത്താണ് അത്തരമൊരുമാറ്റം കൂടുതലായത്. ഇനിയുമത് തുടരും. .

 പാലക്കാട്ടെ തോൽവി..?

എല്ലാ കോണുകളിൽ നിന്നും തിരഞ്ഞെടുപ്പ് കാലത്ത് വലിയ തോതിലുള്ള അക്രമണമാണുണ്ടായത്. ഇ.ശ്രീധരൻ പിടിച്ച വോട്ടുകൾ കിട്ടിയില്ലെന്നതാണ് പ്രശ്‌നം. അതിൽ വലിയൊരു വിഭാഗം അദ്ദേഹത്തിന്റെ വ്യക്തിപരമായ വോട്ടുകളായിരുന്നു. സ്ഥാനാർഥി നിർണയവും കൊടകരയുമടക്കം അനാവശ്യ വിവാദങ്ങളിലേക്ക് ബി.ജെ.പി മത്സരത്തെ തളച്ചിടാൻ പല കോണുകളിൽ നിന്നും ശ്രമങ്ങളുണ്ടായി. അതെല്ലാം പ്രചാരണങ്ങളെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. അതിൽ വലിയൊരു പങ്ക് മാധ്യമങ്ങളും വഹിച്ചു.


Source link

Related Articles

Back to top button