മാഹിയിൽ നിന്ന് കുപ്പി വാങ്ങി വഴിനീളെ മദ്യപിച്ചു, ലോറി ഓടിച്ച ക്ലീനർക്ക് ലൈസൻസില്ല; വിശദമായി ചോദ്യം ചെയ്യും
തൃശൂർ: നാട്ടികയിൽ അപകടമുണ്ടാക്കിയ തടി ലോറിയിലെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി വിവരം. ഇരുവർക്കുമെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ലോറിയുടെ ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടി ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവർ മാഹിയിൽ ഇറങ്ങി മദ്യം വാങ്ങിയെന്നും അവിടം മുതൽ മദ്യപിച്ചിരുന്നെന്നും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചു എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ലോറിയുടെ ഡ്രൈവർ ജോസ് (54) ക്ലീനറായ കണ്ണൂർ ആലക്കോട് സ്വദേശി അലക്സ് (33) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ പൊതുസ്ഥലങ്ങളിൽ കിടന്നുറങ്ങുന്ന നാടോടികളെ പറ്റിയുള്ള വിവരശേഖരണം നടത്തും. അപകടത്തിൽപ്പെട്ട സംഘത്തോട് മാറിത്താമസിക്കണമെന്ന് പൊലീസ് അറിയിച്ചു എന്നാണ് പ്രാഥമിക വിവരം. അപകട സ്ഥലത്ത് കമ്മിഷണറും സംഘവും എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ലോറി പുറപ്പെട്ടപ്പോൾ തന്നെ മദ്യപിച്ചിരുന്നതായി ഡ്രൈവറും ക്ലീനറും മൊഴി നൽകിയിട്ടുണ്ട്.
ലോറി ഓടിച്ച ക്ലീനർ അലക്സിന് ലൈസൻസില്ല. പൊന്നാനിയിൽ വച്ചാണ് ഡ്രൈവർ ജോസ് അലക്സിന് വണ്ടി കൈമാറിയത്. ഡിവൈഡറും ബാരിക്കേഡും കടന്ന് 50 മീറ്റർ വന്നശേഷമാണ് ഉറങ്ങിക്കിടക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. പ്രതികൾ അടച്ചിട്ട റോഡിലൂടെ മുന്നോട്ടുനീങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു.
വാഹനം ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയത്. പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച് സർക്കാർ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. കളക്ടർ നേതൃത്വം നൽകും. സംസ്കാരത്തിന് ഉൾപ്പെടെ സർക്കാർ സഹായങ്ങൾ നൽകും. മരണപ്പെട്ടവർക്ക് ധനസഹായം ഉണ്ടാകും.
അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതമാണ്. ജയവർദ്ധൻ, വിജയ്, ചിത്ര എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്കാവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം മെഡിക്കൽ കോളേജിന് നിർദേശം നൽകിയിട്ടുണ്ട്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്. ഗോവിന്ദാപുരം ചെമ്മണതോട് സ്വദേശികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Source link