INDIA

ഭരണഘടന: വാർഷികാഘോഷത്തിന് ആമുഖ വായനയും ഹ്രസ്വചിത്രവും


ന്യൂഡൽഹി ∙ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ രാവിലെ 11നു രാഷ്ട്രപതി എത്തുന്നതോടെ ഭരണഘടനയുടെ 75–ാം വാർഷികാഘോഷച്ചടങ്ങുകൾക്കു തുടക്കമാകും.

ലോക്സഭാ സ്പീക്കർ ഓം ബിർല സ്വാഗതപ്രസംഗം നടത്തും. തുടർന്നു ഭരണഘടന നിർമാണത്തെ കുറിച്ചു ഹ്രസ്വച്ചിത്ര പ്രദർശനം. ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധൻകറും സഭയെ അഭിസംബോധന ചെയ്യും. ഭരണഘടനയുടെ ആത്മാവായി വിശേഷിപ്പിക്കപ്പെടുന്ന ആമുഖത്തിന്റെ വായന ചടങ്ങിനെ സവിശേഷമാക്കും. രാഷ്ട്രപതി ഇതിനു നേതൃത്വം നൽകും.  വിദ്യാഭ്യാസ– സർക്കാർ– സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ആമുഖം വായിക്കാനും constitution75.com എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും സർക്കാർ ആഹ്വാനം ചെയ്തു.

സെൻട്രൽ ഹാളിൽ ഇന്ന്∙ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമയ്ക്കായി സ്മാരക സ്റ്റാംപും നാണയവും പുറത്തിറക്കും.
∙ മേക്കിങ് ഓഫ് ദ് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ: എ ഗ്ലിംപ്സ്, മേക്കിങ് ഓഫ് ദ് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ ആൻഡ് ഇറ്റ്സ് ഗ്ലോറിയസ് ജേണി എന്നീ പുസ്തകങ്ങളുടെ പ്രകാശനം. 

∙ സംസ്കൃതം, മൈഥിലി ഭാഷകളിൽ കൂടി ഭരണഘടന പുറത്തിറക്കും.∙ ഭരണഘടനയുടെ കലാഭംഗിയെക്കുറിച്ചുള്ള ലഘുലേഖ അവതരിപ്പിക്കും.
ആമുഖം വായിക്കാം

constitution75.com എന്ന വെബ്സൈറ്റ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ഇതിൽ ഇഷ്ടഭാഷയിൽ ഭരണഘടനയുടെ ആമുഖ വായനയിൽ പങ്കെടുക്കുകയും അതിന്റെ വിഡിയോ വെബ്സൈറ്റിൽ നൽകുകയും ചെയ്യാം. പങ്കാളിയാകുന്നവർക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. വിവിധ ഭാഷകളിൽ ഭരണഘടനവായന, ഭരണഘടനയുടെ ചരിത്രാന്വേഷണം, ഭരണഘടനയെ അറിയാൻ എഐ സഹായം തുടങ്ങിയവ പ്രത്യേകതയാണ്.
സംസാരിക്കാൻ അവസരം തേടി ഇന്ത്യാമുന്നണി

ഭരണഘടനയുടെ 75–ാം വാർഷികാഘോഷച്ചടങ്ങിൽ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷനേതാക്കൾക്കു സംസാരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യാമുന്നണി ലോക്സഭാ സ്പീക്കർക്കു കത്തു നൽകി. ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ സംസാരിക്കാനാണ് അവസരം തേടിയത്. എന്നാൽ, ചടങ്ങിൽ പ്രധാനമന്ത്രിയും സംസാരിക്കുന്നില്ലെന്നാണു സ്പീക്കറുടെ ഓഫിസ് അറിയിച്ചത്.
വേദിയിൽ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയ്ക്കും ഇരിപ്പിടമുണ്ടാകുമെന്ന സൂചന സ്പീക്കറുടെ ഓഫിസ് നൽകിയെങ്കിലും ഇന്നലെ ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട വിവരങ്ങളിൽ ഇരുവരുടെയും പേരില്ല. 

ഭരണഘടനയുടെ ആത്മാവിനെ നഷ്ടപ്പെടുത്താനാണു സർക്കാർ ശ്രമമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു.


Source link

Related Articles

Back to top button