KERALAMLATEST NEWS

യുഡിഎഫ് സമ്മാനിച്ച ലഡ്ഡു കഴിച്ച് ബിജെപി നഗരസഭാ ചെയര്‍പേഴ്‌സണ്‍; 18 കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിലേക്കോ ?

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു. പാലക്കാട് നഗരസഭയിലെ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നാലെ പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായിരിക്കുകയാണ്. ഇടഞ്ഞ് നില്‍ക്കുന്ന 18 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പാലക്കാട് എംപി വികെ ശ്രീകണ്ഠനും പ്രതികരിച്ചു. ജനപ്രതിനിധികള്‍ക്ക് ബിജെപിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും എംപി കുറ്റപ്പെടുത്തി.

പാലക്കാട്ടെ തോല്‍വിക്കും നഗരമേഖലലയില്‍ പാര്‍ട്ടി പിന്നില്‍ പോയതിനും കാരണം 18 കൗണ്‍സിലര്‍മാരാണെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് വോട്ട് ചോര്‍ന്നതിന് പിന്നില്‍ കൗണ്‍സിലര്‍മാരാണെന്ന് സുരേന്ദ്ര പക്ഷം ആരോപിച്ചതോടെ നേതൃത്വത്തിനെതിരെ പരസ്യമായി തന്നെ കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു.

പി. രഘുനാഥിനും കെ.സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ രംഗത്തെത്തിയിരുന്നു. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ പ്രമുഖനാണ് ശിവരാജന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണ് തോല്‍വിയ്ക്ക് കാരണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും ആരോപിച്ചിരുന്നു. നടപടിയുമായി മുന്നോട്ടു പോകാനാണ് നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍ കൂട്ടരാജി യിലേക്ക് പോകാനാണ് കൗണ്‍സിലര്‍മാരുടെ നീക്കം.

പാലക്കാട്ടെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം നഗരസഭയിലെ 18 കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് ശിവരാജന്‍ ഉള്‍പ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. സ്വന്തം ബൂത്തില്‍ പോലും സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് കുറഞ്ഞതിന് കൗണ്‍സിലര്‍മാര്‍ എന്തു പിഴച്ചുവെന്നാണ് ചോദ്യം. സി. കൃഷ്ണകുമാരുടെ ആസ്തി വെളിപ്പെടുത്തണമെന്ന വെല്ലുവിളിയും എന്‍. ശിവരാജന്‍ ഉയര്‍ത്തുന്നു. നഗരസഭ ഭരണത്തിലെ പാളിച്ചകള്‍ അല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതാണ് തോല്‍വിക്ക് കാരണമെന്നാണ് നഗരസഭ ചെയര്‍പേഴ്‌സന്റെ വിശദീകരണം.


Source link

Related Articles

Back to top button