പൂജിച്ചത് ബ്രാഹ്മണനല്ലെങ്കിൽ വഴിപാട് വാങ്ങാനെത്തില്ല, ശാന്തിക്കാരനെ ജാതി അധിക്ഷേപം നടത്തിയതിൽ കേസെടുത്ത് പൊലീസ്
പറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തത്തപ്പിള്ളി ശ്രീദുർഗാദേവി ക്ഷേത്രത്തിലെ ശാന്തിക്കാരനെതിരെ ജാതി അധിക്ഷേപം നടത്തിയതായി പരാതി. ക്ഷേത്രത്തിലെ സ്ഥിരം ശാന്തിക്കാരന് പകരക്കാരനായെത്തിയ ടി.ആർ. വിഷ്ണുവിനെയാണ് തത്തപ്പിള്ളി മഞ്ജിമ വീട്ടിൽ കെ.എസ്. ജയേഷ് ജാതി ചോദിച്ച് അപമാനിച്ചത്.
വഴിപാടിന്റെ പ്രസാദം വാങ്ങാൻ അടുത്തെത്തിയപ്പോൾ ഏത് ജാതിയിൽപ്പെട്ടയാളാണെന്ന് വിഷ്ണുവിനോട് ചോദിച്ചു. താൻ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളാണെന്ന് വിഷ്ണു മറുപടി നൽകി. ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനോടും വിഷ്ണുവിന്റെ ജാതി സംബന്ധിച്ച് ജയേഷ് മോശമായ ഭാഷയിൽ സംസാരിച്ചു. പൂജിച്ചത് ബ്രാഹ്മണനല്ലെങ്കിൽ വഴിപാട് വാങ്ങാൻ എത്തില്ലെന്നു പറഞ്ഞു. ക്ഷേത്രത്തിൽ നിരവധി ഭക്തരുള്ളപ്പോഴാണ് സംഭവം. ജാതിപ്പേര് ചോദിച്ച് അപമാനിച്ചതിന് വിഷ്ണു നൽകിയ പരാതിയിൽ ജയേഷിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പറവൂർ പൊലീസ് കേസെടുത്തു.
Source link