രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ: കൂട്ടിയിടിച്ചതല്ല, അന്തർവാഹിനി ബോട്ടിന്റെ അടിയിൽ ഉയർന്നു
കൊച്ചി: മുനമ്പത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഗോവൻ തീരത്ത് അപകടത്തിൽപ്പെട്ടത് നാവികസേനയുടെ അന്തർവാഹിനി അപ്രതീക്ഷിതമായി ജലത്തിനടിയിൽ നിന്ന് ഉയർന്നതുമൂലമെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ.
. ഗോവയിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ട ‘മാർത്തോമ’ ബോട്ടിന്റെ അടിഭാഗത്തായി അന്തർവാഹിനി ഉയർന്നു വന്നതോടെ നിമിഷനേരംകൊണ്ട് ബോട്ട് കടലിൽ മുങ്ങിയെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ പറഞ്ഞതായി ബോട്ടുടമ ലിജു മൈക്കിൾ കേരളകൗമുദിയോട് വെളിപ്പെടുത്തി.
കഴിഞ്ഞ 15നാണ് മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി തിരിച്ചത്. 21ന് രാത്രി ഏഴരയോടെയാണ് അപകടം.
ബോട്ടിലിരുന്ന് ചൂണ്ടയിടുകയായിരുന്നു തൊഴിലാളികൾ.`കൂറ്റൻ തിമിംഗിലം വന്നിടിച്ചെന്നാണ് ആദ്യം കരുതിയത്. ബോട്ട് ഉയർന്നുപൊങ്ങി കടലിലേക്ക് കമഴ്ന്നുവീണു. ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമുളള 50ലധികം ബോട്ടുകൾ പരിസരത്തുണ്ടായിരുന്നു. ഇരുട്ടായതിനാൽ മറ്റ് ബോട്ടുകൾ അറിഞ്ഞില്ല.
കാണാതായ സ്രാങ്ക് ജെനീഷും രമേഷും ബോട്ടിന്റെ ക്യാബിനിലായിരുന്നു. മറ്റു പതിനൊന്നുപേർ തെറിച്ചു കടലിൽ വീണു. ഇവരെ നേവിയുടെ കപ്പലുകൾ രക്ഷിച്ചെന്നും ബോട്ടുടമ പറഞ്ഞു.
കാണാതായ രണ്ടു മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. നേവിയുടെ ആറു കപ്പലുകളും മുങ്ങൽ വിദഗ്ദ്ധരും രംഗത്തുണ്ട്. പതിനൊന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.
തമിഴ്നാട് കൊട്ടിൽപാടി സ്വദേശിയാണ് ജെനീഷ്. രമേഷ് പശ്ചിമബംഗാൾ സ്വദേശിയും. രക്ഷപ്പെട്ടവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണ്. ഏതാനും വർഷങ്ങളായി ലിജുവിന്റെ ബോട്ടിലാണ് ഇവർ തൊഴിലെടുക്കുന്നത്.
# നാവികസേന
അന്വേഷണം തുടങ്ങി
സംഭവത്തിൽ നാവികസേന അന്വേഷണം തുടങ്ങി. കാർവാറിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ബോട്ടുടമയുടെയും മത്സ്യത്തൊഴിലാളികളുടെയും മൊഴിയെടുത്തു. നിരവധി റഡാറുകളും മറ്റുമുള്ള അന്തർവാഹിനി ബോട്ടിന് അടിയിൽ ഉയരാനിടയായ സഹചര്യം അന്വേഷിക്കണമെന്ന് ബോട്ടുടമ പറയുന്നു. സംസ്ഥാന ഫീഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും ഗോവയിൽ എത്തിയിട്ടുണ്ട്.
നഷ്ടം 3 കോടി
ഒരു കോടി 65 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ബോട്ട് ഏതാനും വർഷം മുമ്പാണ് നീറ്റിലിറക്കിയത്. അനുബന്ധ സാമഗ്രികളും വലയുമുൾപ്പെടെ മൂന്ന് കോടിരൂപയുടെ നഷ്ടമുണ്ട്.
Source link