KERALAMLATEST NEWS

കണ്ണൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടുപേരുടെ നില ഗുരുതരം

കണ്ണൂർ: അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. ചെറുതാഴം അമ്പല റോഡ് കവലയിൽ കർണാടക സ്വദേശികളായ തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറു പേർക്ക് പരിക്കേ​റ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

രാവിലെ ‌ഏഴുമണിയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. റോഡിന്റെ ഒരുവശത്തെ വൈദ്യുതി പോസ്​റ്റ് ഇടിച്ച് തെറിപ്പിച്ച ബസ് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിനിടയാക്കിയ കാരണം വ്യക്തമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് സംശയിക്കുന്നത്. അപകടത്തിൽ ബസ് ഏറക്കുറെ പൂർണമായും തകർന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ 19ന് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് വയനാട് ജില്ലയിലെ തിരുനെല്ലിയിൽ അപകടത്തിൽപ്പെട്ടിരുന്നു.ചിലർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമായിരുന്നില്ല. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ആറ് മണിയോടെ തിരുനെല്ലി തെ​റ്റ് റോഡിൽ വെച്ചായിരുന്നു അപകടം. ബസിൽ അമ്പതിലധികം പേരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. അപകടം കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകത്തിൽ ബസ് ഏറെക്കുറെ തകർന്നിരുന്നു.


Source link

Related Articles

Back to top button