Vaikathashtami Special അഷ്ടമിച്ചന്തം; മനസ്സിൽ വൈക്കത്തപ്പനും ചുണ്ടുകളിൽ പഞ്ചാക്ഷരീമന്ത്രവുമായി ജനസാഗരം
അഷ്ടമിച്ചന്തം; മനസ്സിൽ വൈക്കത്തപ്പനും ചുണ്ടുകളിൽ പഞ്ചാക്ഷരീമന്ത്രവുമായി ജനസാഗരം- Journey to Dakshina Kashi: The Splendor of Vaikkathastami Festival
Vaikathashtami Special
അഷ്ടമിച്ചന്തം; മനസ്സിൽ വൈക്കത്തപ്പനും ചുണ്ടുകളിൽ പഞ്ചാക്ഷരീമന്ത്രവുമായി ജനസാഗരം
എൻ. ജയചന്ദ്രൻ
Published: November 24 , 2024 12:53 PM IST
2 minute Read
പാതിര കഴിഞ്ഞു വിജയശ്രീലാളിതനായി വരുന്ന ഉദയനാപുരത്തപ്പന്റെ വരവേൽപ് അഷ്ടമിയുടെ ധന്യമുഹൂർത്തം.
വൈക്കത്തപ്പന്റെ മുന്നിൽ സർവവും സമർപ്പിച്ച് കണ്ണുകളടച്ചു നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതിയിലലിയുകയാണ് ഭക്തമനസ്സുകൾ. വര: വിഷ്ണു വിജയൻ
മനസ്സിൽ വൈക്കത്തപ്പനും ചുണ്ടുകളിൽ പഞ്ചാക്ഷരീമന്ത്രവുമായി ജനസാഗരം. കായലും കടന്നുവരുന്ന കാറ്റിൽപോലും പഞ്ചാക്ഷരീമന്ത്രമുണ്ടെന്നു തോന്നിപ്പോകും. വൈക്കത്തഷ്ടമി ഉത്സവനാളുകളിൽ ആഹ്ലാദവും ഭക്തിയും കൂടിച്ചേർന്ന മനസ്സാണ് വൈക്കത്തിന്. വൈക്കത്തപ്പന്റെ മുന്നിൽ സർവവും സമർപ്പിച്ച് കണ്ണുകളടച്ചു നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതിയിലലിയുകയാണ് ഭക്തമനസ്സുകൾ.
ദക്ഷിണകാശിയുടെ പ്രദക്ഷിണവഴികളെല്ലാം നിറഞ്ഞു തുളുമ്പുകയാണ്. വൈക്കത്തിന്റെ അകതാരിൽ അകം തൊടുന്ന അനുഭൂതിയായി ഇനി അഷ്ടമി മാത്രം. ‘മണ്ണുവാരിയിട്ടാൽ താഴാത്ത’ എന്ന പഴമൊഴിയിൽ ലേശവുമില്ല പതിര്! ക്ഷേത്രമതിൽ നിറഞ്ഞു പുറത്തേക്കൊഴുകുന്നതു ഭക്തരുടെ കടലാണ്.ആലിലകളിൽ സന്ധ്യാനാമം ചൊല്ലി ഈറൻ കാറ്റ്. കായൽ കൈതൊട്ടു നിൽക്കുന്ന പടിഞ്ഞാറേ നടവഴിക്ക് കനംവയ്ക്കുന്ന ദിനങ്ങൾ. മഞ്ഞനിറമുള്ള കുപ്പിയിൽ ഗോലിസോഡ, ചാരിവച്ചിരിക്കുന്ന കരിമ്പിൽ തമിഴകമധുരം, ഇളനീർ രുചിയുള്ള അലുവാത്തുണ്ടുകൾ… അങ്ങനെ കാഴ്ചയിൽ രുചിക്കൂട്ടുകളുടെ സുഗന്ധം.
കാർത്തിക മാസത്തിലെ കൃഷ്ണാഷ്ടമി. ഒരു സമ്മോഹനം പോലെ അഷ്ടമി വീണ്ടുമെത്തുന്നു. വടക്കേമുറ്റത്തെ അടുക്കളപ്പുരയിൽ കറിക്കരിയൽ മേളമാണ്. ഇന്നത്തെ പ്രാതൽ പൊടിപൂരമാകും. പ്രാതലിന്റെ പകലാണ്. എല്ലാവർക്കും അന്നമൂട്ടുന്നു ദക്ഷിണാമൂർത്തി. അക്കരെയിക്കരെ നീട്ടി വിളിച്ചാൽ എത്താത്ത ഊട്ടുപുരയുടെ മുകളിലും താഴെയുമായി ഒരു പന്തിയിൽ 1600 പേർക്ക് ഇലയിടാം. പ്രാതലുണ്ട് ഭഗവാനെ തൊഴുതു മടങ്ങാം.ഇന്നു കാര്യമായ പൂജകളില്ല. രാത്രി ഭഗവാൻ കിഴക്കേ ആനക്കൊട്ടിലിലേക്കു വരുന്നതു വാദ്യമേളങ്ങളൊന്നും ഇല്ലാതെയാണ്. അഷ്ടമിവിളക്കിലെ പ്രധാന ദൃശ്യം. പാതിര കഴിഞ്ഞു വിജയശ്രീലാളിതനായി വരുന്ന ഉദയനാപുരത്തപ്പന്റെ വരവേൽപ് അഷ്ടമിയുടെ ധന്യമുഹൂർത്തം.
പവിത്ര സങ്കേതം വ്യാഘ്രപാദത്തറവൈക്കം മഹാദേവ ക്ഷേത്രത്തിലെ പവിത്രസങ്കേതമാണ് വ്യാഘ്രപാദത്തറ. വ്യാഘ്രപാദ മഹർഷി ശ്രീപരമേശ്വരന്റെ അനുഗ്രഹത്തിനായി ദീർഘനാൾ തപസ്സു ചെയ്ത പുണ്യസ്ഥലമാണിതെന്നാണു വിശ്വാസം. ഈ സങ്കേതത്തിലാണ് ശ്രീപരമേശ്വരൻ പാർവതീസമേതനായി വ്യാഘ്രപാദ മഹർഷിക്കു ദർശനം നൽകിയതെന്നും വിശ്വസിക്കപ്പെടുന്നു. അരയാലും പ്ലാവും മാവും ഒരുമിച്ചു വളർന്നു നിൽക്കുന്ന സങ്കേതമാണ് വ്യാഘ്രപാദത്തറ.
മങ്ങാത്ത പൊലിമയും പ്രൗഢിയുംഅതിപുരാതന കാലം മുതൽ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം വൈക്കത്തഷ്ടമിക്കുണ്ട്. ആദ്യകാലത്ത് ഊരാണ്മക്കാരും പിന്നീട് നാട്ടുരാജാവും തുടർന്ന് തിരുവിതാംകൂർ മഹാരാജാവും അതിനു ശേഷം ദേവസ്വം ബോർഡ് എന്ന സർക്കാർ സംവിധാനവും നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുത്ത് മുടക്കം വരാതെ നടത്തിയിരുന്നതു കൊണ്ടാണ് ക്ഷേത്രത്തിനും ക്ഷേത്രോത്സവത്തിനും ഇത്രയധികം പ്രാധാന്യം കൈവന്നത്.
തൃശൂർ പൂരം, ആറാട്ടുപുഴ പൂരം എന്നീ ആശയങ്ങൾ രൂപീകൃതമാവുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ് ആചാരപരമായ അനുഷ്ഠാനങ്ങളോടെ ഒട്ടേറെ ദേവീദേവന്മാരെ വഹിക്കുന്ന ആന എഴുന്നള്ളിപ്പുകൾ ഒത്തുചേർന്നാണു പ്രസിദ്ധമായ അഷ്ടമി വിളക്ക് നടന്നിരുന്നത്. ലോകരക്ഷാർഥം താരകാസുരനെ നിഗ്രഹിച്ച് ദേവീദേവന്മാരോടൊപ്പം ദേവസേനാധിപനും പരമേശ്വരപുത്രനുമായ ബാലസുബ്രഹ്മണ്യൻ മാതാപിതാക്കളെ കണ്ടു വണങ്ങാൻ എത്തുന്ന ഒരു ഐതിഹ്യം അഷ്ടമിവിളക്കിനു പിന്നിലെ പശ്ചാത്തലം ഒരുക്കുന്നു. പഴയകാല സംസ്ക്യത സാഹിത്യക്യതികളിൽ അഷ്ടമി മഹോത്സവത്തിന്റെ സമാനതകളില്ലാത്ത പ്രൗഢിയും പൊലിമയും പ്രകീർത്തിക്കുന്നുണ്ട്. കാലാന്തരങ്ങൾ തോറും അതതു കാലത്തെ ബാഹ്യമായ മാറ്റങ്ങൾക്കു വിധേയമായി അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഉറച്ചു നിന്ന് ഇന്നും അഷ്ടമി ഉത്സവം ആഘോഷിക്കുന്നു.
ഭക്തിയും രാജകീയ പ്രൗഢിയും ചേർന്ന എഴുന്നള്ളിപ്പുകളും ലൗകിക ജീവിതമൂല്യങ്ങൾ പകർത്തിക്കാട്ടുന്ന കൂട്ടിയെഴുന്നള്ളിപ്പുകളും, യാത്ര പറഞ്ഞു പിരിയുന്ന രംഗവും കലയുടെയും സാഹിത്യത്തിന്റെയും മധുരം പകർന്നു നൽകുന്ന കൂട്ടായ്മകളും അഷ്ടമി ഉത്സവത്തെ ആവേശഭരിതവും ആനന്ദപൂർണവുമാക്കി ദേശീയ സാംസ്കാരിക പൈതൃകോത്സവമാക്കി രൂപാന്തരപ്പെടുത്തുന്നു. കാലത്തിന്റെ കൈപ്പെരുമാറ്റത്തിൽ ബാഹ്യമായ മോടികൾക്ക് പലവിധ രൂപാന്തരങ്ങൾ വന്നിട്ടുണ്ട്. എങ്കിലും ആചാരാനുഷ്ഠാനങ്ങൾക്കു വലിയ മാറ്റം വരുത്താതെ കാലം ആധ്യാത്മികത കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നു. അതു കൊണ്ട് ഓരോ കൊടിയിറക്കത്തിലും മറ്റൊരു അഷ്ടമി മഹോത്സവത്തിന്റെ കൊടിയേറ്റത്തിനായി ജനമനസ്സുകൾ ആഗ്രഹിക്കുന്നു.
English Summary:
Experience the divine aura of Vaikkathastami at Vaikom Temple. Immerse yourself in the chants, rituals, and grandeur of this ancient Kerala festival.
mo-religion-vaikathashtami 30fc1d2hfjh5vdns5f4k730mkn-list 438bk6hq38mtbcsau2ep7bvkk6 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-vaikom-mahadeva-temple
Source link